| Thursday, 9th January 2025, 5:56 pm

അവസാന 20 മിനിറ്റ് ആ നടന്‍ അസാധ്യമായി ചെയ്തുവെച്ചിട്ടുണ്ടെന്ന് ആ സിനിമ കണ്ടിട്ട് ഇച്ചാക്ക പറഞ്ഞിട്ടുണ്ടായിരുന്നു: ഇബ്രാഹിം കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുമായി കണ്ട സിനിമകളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സഹോദരന്‍ ഇബ്രാഹിം കുട്ടി. പുഴു, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ മമ്മൂട്ടിയുടെ കൂടെ ഇരുന്നാണ് കണ്ടതെന്ന് ഇബ്രാഹിം കുട്ടി പറഞ്ഞു. ഓരോ സിനിമയെക്കുറിച്ചും മമ്മൂട്ടി കൃത്യമായ അഭിപ്രായം പറയുമെന്നും ഇബ്രാഹിം കുട്ടി കൂട്ടിച്ചേര്‍ത്തു.

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഇന്‍ര്‍വെല്ലിന് ചിത്രത്തിനെക്കുറിച്ച് തങ്ങള്‍ സംസാരിച്ചിരുന്നെന്നും അതെല്ലാം തങ്ങള്‍ ആസ്വദിക്കുമെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. കാന്തര കണ്ട ശേഷം തങ്ങള്‍ ആ സിനിമയെപ്പറ്റി സംസാരിച്ചെന്നും മമ്മൂട്ടിക്ക് ആ ചിത്രം ഇഷ്ടമായെന്നും ഇബ്രാഹിം കുട്ടി കൂട്ടിച്ചേര്‍ത്തു. അവസാന 20 മിനിറ്റില്‍ റിഷബിന്റെ പെര്‍ഫോമന്‍സിനെ മമ്മൂട്ടി ധാരാളം പ്രശംസിച്ചെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.

ആ നടന്‍ തന്റെ വേഷം അസാധ്യമായി ചെയ്ത് വെച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞെന്നും അത്തരത്തില്‍ ധാരാളം സംഭാഷണങ്ങള്‍ തങ്ങള്‍ തമ്മില്‍ പലപ്പോഴും ഉണ്ടാകാറുണ്ടെന്നും ഇബ്രാഹിം കുട്ടി കൂട്ടിച്ചേര്‍ത്തു. നല്ലത് കണ്ടാല്‍ അതിനെ പ്രശംസിക്കാന്‍ യാതൊരു മടിയുമില്ലാത്തയാളാണ് മമ്മൂട്ടിയെന്നും തനിക്ക് ആ സ്വഭാവം കിട്ടിയത് മമ്മൂട്ടിയില്‍ നിന്നാണെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ഇബ്രാഹിം കുട്ടി.

‘ഇച്ചാക്കയും ഞാനും ഒരുമിച്ചിരുന്ന് ഒരുപാട് സിനിമകള്‍ കാണാറുണ്ട്. അതില്‍ ഇച്ചാക്കയുടെ പടങ്ങളും ഉണ്ടാകും. പുഴു, നന്‍പകല്‍ നേരത്ത് മയക്കം ഒക്കെ തിയേറ്റര്‍ റിലീസിന് മുന്നേ ഞങ്ങളുടെ വീട്ടില്‍ സ്‌ക്രീന്‍ ചെയ്തിട്ടുണ്ടായിരുന്നു. നന്‍പകലൊക്കെ ഞാനും ഇച്ചാക്കയും ലിജോയുമൊക്കെ ഇരുന്നാണ് കണ്ടത്. ഇന്റര്‍വെലിന് ആ സിനിമയെപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു.

അതുമാത്രമല്ല, വെറെയും സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് കാണുകയും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. കാന്താരയൊക്കെ അങ്ങനെ കണ്ട സിനിമയാണ്. അത് കണ്ടിട്ട് ആ സിനിമയിലെ നടനെപ്പറ്റി ഇച്ചാക്ക സംസാരിച്ചിരുന്നു. ‘ആ പയ്യന്റെ പെര്‍ഫോമന്‍സ് കൊള്ളാം. അവസാനത്തെ 20 മിനിറ്റ് അവന്‍ അസാധ്യമായി ചെയ്തുവെച്ചിട്ടുണ്ട്’ എന്നായിരുന്നു ഇച്ചാക്ക പറഞ്ഞത്.

നല്ലത് കണ്ടാല്‍ അതിനെ പുള്ളി അംഗീകരിക്കും. ആരാണെന്നൊന്നും ഇച്ചാക്ക നോക്കില്ല. ഇച്ചാക്കയുടെ അടുത്ത് നിന്നാണ് എനിക്കും ആ സ്വഭവം കിട്ടിയത്. ചില സിനിമകള്‍ കണ്ടിട്ട് ഓരോ നടന്മാരുടെയും നമ്പര്‍ കണ്ടുപിടിച്ച് വിളിച്ച് അഭിനന്ദിക്കാന്‍ എനിക്കൊരു മടിയുമില്ല. ഇച്ചാക്കയും പണ്ട് അങ്ങനെയായിരുന്നു,’ ഇബ്രാഹിം കുട്ടി പറഞ്ഞു.

Content Highlight: Ibrahim Kutty shares the comment of Mammootty after watching Kantara

Latest Stories

We use cookies to give you the best possible experience. Learn more