മമ്മൂട്ടിയുടെ സഹോദരൻ എന്ന പരിഗണന കിട്ടിയിട്ടുണ്ടെന്ന് നടൻ ഇബ്രാഹിം കുട്ടി. മമ്മൂട്ടിയും ദുൽഖർ സൽമാനും വിചാരിച്ചാൽ തന്റെ മകനും നടനുമായ മഖ്ബൂൽ സൽമാന് അവസരങ്ങൾ ലഭിക്കുമെന്നും എന്നാൽ സ്വന്തം കഴിവുകൊണ്ടാണ് അവസരങ്ങൾ കിട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇബ്രാഹിം കുട്ടി.
‘മമ്മൂട്ടി എന്ന പേര് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ സഹോദരൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സഹോദരന്റെ പുത്രൻ എന്ന പേരൊക്കെ എവിടെ ചെന്നാലും ഞങ്ങൾക്ക് ഗുണം ചെയ്യാറുണ്ട്.
ഇതൊക്കെ ഉണ്ടെങ്കിലും ഇയാളെ സഹായിക്കാൻ ഒരു സിനിമ ഉണ്ടാക്കിയേക്കാം എന്ന് പറയുന്നത് നടക്കുന്ന കാര്യം അല്ല. മമ്മൂട്ടിയും ദുൽഖറും വിചാരിച്ചാൽ മഖ്ബൂലിനെ എത്ര പടങ്ങളിൽ വേണമെങ്കിലും അഭിനയിപ്പിക്കാം. പക്ഷെ അവർ അഭിനയിക്കുന്ന എല്ലാ പടത്തിലും അഭിനയിപ്പിക്കാൻ പറ്റില്ലല്ലോ. നമുക്ക് വേണ്ടി നമ്മൾ തന്നെ പരിശ്രമിക്കുക,’ഇബ്രാഹിം കുട്ടി പറഞ്ഞു.
അഭിമുഖത്തിൽ തനിയാവർത്തനം, സാഗരം സാക്ഷി എന്നീ ചിത്രങ്ങൾ ഇതുവരെ താൻ ശ്രദ്ധയോടെ കണ്ടിട്ടില്ലെന്നും ചിത്രത്തിലെ സീനുകൾ വളരെ സങ്കടപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘തനിയാവർത്തനം, സാഗരം സാക്ഷി എന്നീ ചിത്രങ്ങൾ ഒന്നും ഞാൻ സമാധാനത്തോടെ കണ്ടിട്ടില്ല. അത് കാണുമ്പോൾ ഭയങ്കര ടെൻഷനാണെനിക്ക്. കിരീടം സിനിമയും അതുപോലെയാണ്. കാരണം നമ്മൾ വിചാരിക്കുന്നപോലെയല്ല അതിന്റെ കഥയുടെ പോക്ക്.
സാഗരം സാക്ഷി എന്ന ചിത്രം മൊത്തത്തിൽ കാണാൻ പറ്റില്ല, കാരണം മുഴുവൻ സീനുകളും വിഷമിപ്പിക്കുന്നതാണ്. കിരീടം ഒക്കെ കാണുമ്പോൾ തല കുനിഞ്ഞ് പോകും. ചില സീനുകൾ ഒക്കെ കാണുമ്പോൾ ഫോർവേഡ് ചെയ്ത് നീക്കാൻ തോന്നും. ഇമോഷൻ കൂടുമ്പോൾ അങ്ങനെ തോന്നും.
സിനിമകൾ കാണുമ്പോൾ എനിക്ക് കരച്ചിൽ വന്നാൽ ഞാൻ കരയും. ഏറ്റവും അടുത്ത് ഒരു സിനിമ കണ്ടപ്പോഴും ഞാൻ കരഞ്ഞു. സിനിമ കാണുമ്പോൾ നമുക്ക് ഇമോഷൻസ് വരും. ചിരിക്കാൻ തോന്നുന്നുണ്ടെങ്കിൽ കരഞ്ഞാൽ എന്താ കുഴപ്പം. ഞാൻ കരയും,’ ഇബ്രാഹിം കുട്ടി പറഞ്ഞു.
Contents Highlights: Ibrahim Kutty on Mammootty and Dulquer Salmaan