Entertainment
ഞങ്ങൾ വിളിക്കുന്നത് കേട്ടാണ് ലാൽ ഇച്ചാക്ക എന്ന് വിളിക്കാൻ തുടങ്ങിയത്: ഇബ്രാഹിം കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 14, 12:38 pm
Friday, 14th July 2023, 6:08 pm

താനും കുടുംബവും ഇച്ചാക്ക എന്ന് വിളിക്കുന്നത് കേട്ടാണ് മോഹൻലാൽ മമ്മൂട്ടിയെ ആ പേര് വിളിക്കാൻ തുടങ്ങിയതെന്ന് നടൻ ഇബ്രാഹിം കുട്ടി. മമ്മൂട്ടിയും മോഹൻലാലും തമ്മിൽ സഹോദര തുല്യമായ ബന്ധമാണെന്നും അവർ വളരെ തുറന്ന് സംസാരിക്കുന്നവർ ആണെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇബ്രാഹിം കുട്ടി.

‘മമ്മൂട്ടിയും മോഹൻലാലും തമ്മിൽ സഹോദര തുല്യമായ ബന്ധമുണ്ടല്ലോ. ഇവർ രണ്ടുപേരും ഏകദേശം, അമ്പത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അന്നും ഇന്നും അവർ രണ്ടുപേരും നല്ല കമ്പനിയായിട്ടാണ് പോകുന്നത്.

രണ്ടുപേരും സിംഗിൾ ഹീറോസ് ആകാൻ തുടങ്ങിയതിനുശേഷമാണ് പ്രത്യേകം പ്രത്യേകം സിനിമകൾ വന്ന് തുടങ്ങിയത്. അതിന് മുൻപ് അവർ എത്രയോ ചിത്രങ്ങൾ ഒരുമിച്ച് ചെയ്തു.

ചില ലൊക്കേഷനുകളിൽ ഞങ്ങൾ പോകാറുണ്ട്. ചിലപ്പോൾ പോകേണ്ടി വരാറുണ്ടായിരുന്നു. അപ്പോൾ അവിടെ ലാൽ ഉണ്ടാകും. ഞങ്ങൾ ഇച്ചാക്ക എന്ന് വിളിക്കുന്നത് കേട്ട് ലാൽ അങ്ങനെ വിളിക്കാൻ തുടങ്ങി.

ലാൽ വീട്ടിൽ വരും, വളരെ ഫ്രണ്ട്ലിയാണ്. അവർ സംസാരിക്കുമ്പോൾ വളരെ ഫ്രീയും ആണ്,’ഇബ്രാഹിം കുട്ടി പറഞ്ഞു.

താൻ ഇതുവരെ മോഹൻലാലുമായി ഒരു ഫോട്ടോ എടുത്തിട്ടില്ലെന്നും ഇതുവരെ മറ്റ് നടന്മാരോട് സൗഹൃദം ഉണ്ടായിരുന്നിട്ട് കൂടി ചിത്രങ്ങൾ എടുത്തിട്ടില്ലെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.

‘ഞാൻ ഇതുവരെ ലാലിന്റെ കൂടെ ഒരു ഫോട്ടോ എടുത്തിട്ടില്ല. മോഹൻലാലിനെ നമുക്കിഷ്ടമാണ്. പക്ഷെ, ഒരു സ്റ്റാറിനോട് തോന്നുന്ന അടുപ്പമല്ല പുള്ളിയോട് തോന്നിയിട്ടുള്ളത്.

കമൽ ഹാസൻ, രജിനികാന്ത്, വിജയ്കാന്ത്, പ്രഭു എന്നീ നടന്മാരായിട്ട് നല്ല സൗഹൃദം ഉണ്ടായിരുന്നു. കമലിനെ ഞാൻ നേരിട്ട് ഫോൺ ചെയ്യുമായിരുന്നു, ഇപ്പോൾ ഇല്ല. അങ്ങനെയുള്ള നടന്മാരുടെ കൂടെയും ഞാൻ ഫോട്ടോകൾ എടുത്തിട്ടില്ല.

പ്രമാണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഒരിക്കൽ ഇച്ചാക്കയുടെ കൂടെ പ്രഭു വീട്ടിൽ ഉണ്ടായിരുന്നു. എനിക്ക് പ്രഭുവിന്റെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്ന് ഞാൻ ഇച്ചാക്കയോട് പറഞ്ഞു. അങ്ങനെ ഒരു ഫോട്ടോ എടുത്തു. അത് എവിടെയോ പോകുകയും ചെയ്തു.

ഞാനും ഇച്ചാക്കയും തമ്മിലുള്ള ഫോട്ടോകളും വളരെ കുറച്ചേയുള്ളു. കാരണം അത് വല്യ സംഭവമല്ല, ഞങ്ങൾ എപ്പോഴും വീട്ടിൽ കാണുന്നവരല്ലേ. അതിപ്പോ ഞാനും ഭാര്യം കുട്ടികളും അങ്ങനെ ചിത്രങ്ങൾ എടുക്കാറില്ല. അതുകൊണ്ട് തന്നെ ചിത്രങ്ങൾ കുറവാണ്,’ഇബ്രാഹിം കുട്ടി പറഞ്ഞു.

Cointent Highlights: Ibrahim Kutty on Friendship between Mammootty and Mohanlal