| Wednesday, 12th July 2023, 10:49 pm

ലാലിനോട് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു, ഞങ്ങളുടെ ഇച്ചാക്കയായിരുന്നെങ്കില്‍ ഇതൊന്നും കേട്ടിരിക്കില്ല: ഇബ്രാഹിം കുട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

മോഹന്‍ ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ ക്ഷമാശീലത്തെ കുറിച്ചും സംസാരിക്കുകയാണ് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിം കുട്ടി. മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിങ്ങിനിടെ നടന്ന സംഭവത്തെ കുറിച്ച് സംസാരിക്കവയൊണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരിക്കല്‍ ഞങ്ങള്‍ ബോള്‍ഗാട്ടി പാലസില്‍ ഷൂട്ടിന് പോയിരുന്നു. ഞാനുണ്ട്, ലാല്‍ ഉണ്ട്. ശ്രീനിവാസനും ഞങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഓര്‍മ. ഞങ്ങള്‍ ഈ ഷൂട്ടിന്റെ കാര്യത്തിന് വേണ്ടി പോവുകയാണ്. ശ്രീനിവാസന്‍-മോഹന്‍ലാല്‍ കോംബോയിലുള്ള സിനിമയാണ്, നാടോടിക്കാറ്റാണെന്നാണ് ഓര്‍മ.

അപ്പോള്‍ ആ വഞ്ചിയില്‍ ഇരുന്ന ഒരു ചങ്ങാതി ആവശ്യമില്ലാതെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ചിലര്‍ അങ്ങനെ ആണല്ലോ. ലാല്‍ ഒക്കെ ആയതുകൊണ്ടാണ്. ഞങ്ങളുടെ ഇച്ചാക്കയായിരുന്നെങ്കില്‍ ഇതൊക്കെ കേട്ടുനില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

ഒരു ജാതി ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചറപറാന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ഇങ്ങനെ ചിരിച്ചുകൊണ്ട് മറുപടി പറയുകയാണ്. ഞാനോര്‍ത്തു എന്തൊരു മനുഷ്യനാണ് ഇയാള്‍ എന്ന്,’ സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭഗവാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴും മോഹന്‍ലാലിന് സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നുവെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.

‘ഭഗവാന്‍ എന്ന സിനിമയിലും ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. വലിയ അഭിനയം ഒന്നും ഉണ്ടായിരുന്നില്ല, ഞാനും ആ സിനിമയില്‍ ഉണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഹോട്ടലില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ ലാല്‍ താഴെ നില്‍ക്കുന്നുണ്ട്. ലോബിയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് സംസാരിച്ചു. അതും ഇതുപോലെ ഒരു മനുഷ്യന്‍.

അയാള്‍ വന്നിട്ട് എന്തൊക്കെയാണോ അങ്ങേരോട് ചോദിക്കുന്നത്. ഇതൊക്കെ കേട്ട് നമുക്ക് തന്നെ ഇറിറ്റേറ്റഡ് ആവുന്നുണ്ട്. ഇതൊക്കെ കേട്ടിട്ടും ലാല്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ആയാള്‍ പോയ ശേഷം എന്ത് മനുഷ്യനാണ് അല്ലേ എന്നാണ് എന്നോട് ചോദിച്ചത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Ibrahim Kutty about Mohanlal

We use cookies to give you the best possible experience. Learn more