ഇബ്‌ലീസ്-മായാലോകത്തിലേക്കുള്ള സര്‍ക്കീട്ട്..
Film Review
ഇബ്‌ലീസ്-മായാലോകത്തിലേക്കുള്ള സര്‍ക്കീട്ട്..
ശംഭു ദേവ്
Sunday, 5th August 2018, 10:36 pm

“യാഥാര്‍ഥ്യം വെറുമൊരു തമാശയാണ്”, എന്ന മുദ്രാവാക്യത്തിലെത്തുന്ന ചിത്രമാണ് ഇബ്ലീസ്. എന്നാല്‍ വെറുമൊരു പരസ്യവാചകമല്ല, മറിച് യാഥാര്‍ഥ്യത്തില്‍നിന്നു വേറിട്ട് നിന്നുള്ള ദൃശ്യാവിഷ്‌കാരമാണ് , അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് ശേഷം രോഹിത് വി എസ് എഴുതി സംവിധാനം ചെയുന്ന ചിത്രം “ഇബ്ലീസ്”. മലയാളത്തില്‍ മുന്‍പേയും പരീക്ഷിച്ചിട്ടുള്ള മേഖലയാണ് മാജിക്കല്‍ റിയലിസത്തിലുള്ള സിനിമകള്‍. മുമ്പുള്ളതിനേക്കാള്‍ സാങ്കേതികതകള്‍ വളര്‍ന്നിട്ടും അത്തരം സിനിമകളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു ഒരു ഘട്ടത്തിനുശേഷം.

ജിജോ പുന്നൂസും,സിബിമലയിലും, സന്തോഷ് ശിവനും, സത്യന്‍ അന്തിക്കാടും, വിനയനുമെല്ലാം മാജിക്കല്‍ റിയലിസത്തില്‍ പെടുത്താവുന്ന ചിത്രങ്ങള്‍ മുന്‍പും സമ്മാനിച്ചിട്ടുണ്ട്, യാഥാര്‍ത്ഥ്യ നിരൂപിതമായി മാറിയ മലയാള സിനിമയുടെ മുഖമുദ്രയില്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ അന്ന്യം നിന്ന് പോയിരുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ “ആമേന്‍” മാജിക്കല്‍ റിയലിസത്തില്‍പെടുത്താവുന്ന മികച്ച ദൃശ്യാവിഷ്‌കാരമായിരുന്നു, ബിനു എസ് സംവിധാനം ചെയ്ത ഇതിഹാസയും എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയ ഫാന്റസി ത്രില്ലറായിരുന്നു.

ഇവിടേക്കാണ് തന്റെ രണ്ടാമത്തെ ചിത്രവും ഒരു പരീക്ഷണവുമായി രോഹിത് വി.എസ് എന്ന സംവിധായകന്‍ എത്തുന്നത്.അഡ്വെഞ്ചേഴ്സ് ഓഫ് ഓമനകുട്ടനില്‍ പറ്റിയ പിഴവുകള്‍ ഒരു പരീക്ഷണ ചിത്രമായിരുന്നിട്ടുകൂടി, തന്റെ രണ്ടാമത്തെ ചിത്രത്തില്‍ മിടുക്കോടുകൂടി അദ്ദേഹം തിരുത്തിയിട്ടുണ്ട്.

 

ഇനി ചിത്രത്തിലേക്ക് വൈശാഖന്‍ (ആസിഫ് അലി) ഒരു പലഹാര പ്രിയനാണ്, നാട്ടിലെ മരണ വീടുകളില്‍ പാട്ടു പെട്ടിയുമായി സൈക്കിള്‍ സവാരി നടത്തുന്നവന്‍. അയാളുടെ ബാല്യത്തിന് നിറമേകിയതിനു വലിയൊരു പങ്ക്, സര്‍ക്കീട്ടുകാരനായ മുത്തശ്ശന്റെതായിരുന്നു(ലാല്‍).തുടര്‍ന്ന് വൈശാഖന്റെയും മുത്തശ്ശന്റെയും കൂടെയുള്ള മായാജാല കാഴ്ചകളിലേക്കുള്ള സര്‍ക്കീട്ടാണ് ചിത്രം.

സാങ്കല്പികമായ ഗ്രാമവും, അവിടുത്തെ ആളുകളും, കാഴ്ചപാടുകളും,സംഭവ ബഹുലമായ കാര്യങ്ങളെയെല്ലാം ബ്ലാക്ക് ഹ്യൂമറിലൂടെ കഥ പറയുന്ന ശൈലിയാണ് ചിത്രത്തില്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയുന്ന തമാശകള്‍ വിജയിക്കുന്ന ചിത്രങ്ങളും പരാജയപ്പെട്ട ചിത്രങ്ങളും മുന്‍പിറങ്ങിയിട്ടുണ്ട്, ഇബ്ലീസ് യുക്തിയെ മറന്നു പൊട്ടിച്ചിരിക്കാനും ചിന്തിക്കാനുമുള്ള സിനിമയാണ്.

ഹാസ്യത്തില്‍ കലര്‍പ്പില്ലാതെ വരുമ്പോള്‍, പ്രേക്ഷകന് ചിരിക്കാന്‍ യുക്തിയുടെ ആവശ്യം തീരയില്ലെന്ന് ചിത്രം തെളിയിക്കുന്നു. ചിത്രം സാങ്കല്പികമാണ്, ഉറങ്ങുമ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്നങ്ങള്‍ ആകാശംപോലെയാണ് , അതിനു അതിരുകളില്ല, യുക്തി തീരയുമില്ല. സാങ്കല്പികതയിലെ സ്വപ്നാവിഷ്‌കാരമാണ് ഇബ്ലീസ്.

ജീവിതത്തിലൊരു ഘട്ടം കഴിഞ്ഞാല്‍ നമ്മളടക്കമുള്ള മനുഷ്യര്‍ ഗൗരവമുള്ളവരാണ്, എല്ലാത്തിനും ഒരു യുക്തി അനിവാര്യം, ഈ അനിവാര്യത സ്വപ്നങ്ങളിലും, കലയിലെ ആവിഷ്‌കാരങ്ങളിലും വന്നപ്പോളെല്ലാം നമ്മുടെ ബാല്യത്തില്‍ യുക്തിയെ മറന്നു ആനന്ദം കണ്ടെത്തിയ നിഷ്‌കളങ്കതയില്‍നിന്നു നമ്മള്‍ മാറി നിന്നിരുന്നു. ഇബ്ലീസ് ആ നിഷ്‌കളങ്കതയിലേക്കുള്ള മടങ്ങിപ്പോക്കാണ്. ഇബ്ലീസിന്റെ ലോകം ഒരു കൊച്ചു കുട്ടിയുടെ സ്വപ്നലോകം പോലെ സുന്ദരമാണ്, അതില്‍ ഫാന്റസിയുണ്ട്, സംഗീയതമുണ്ട്, കണ്ണിനു പകിട്ടേറുന്ന നിറകാഴ്ചളുമുണ്ട്…

 

അവയെയെല്ലാം വിസ്മയിപ്പിക്കുന്ന രീതിയില്‍ അഖില്‍ ജോര്‍ജ് തന്റെ ക്യാമറ കണ്ണുകൊണ്ട് ഒപ്പിയെടുത്തിട്ടുമുണ്ട്, മായ കാഴ്ചകളെ സിനിമാറ്റിക്കായ രീതിയില്‍ അദ്ദേഹം പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രേക്ഷകനെ കൂട്ടികൊണ്ടുപോയപ്പോള്‍, ഡോണ്‍ വിന്‍സെന്റിന്റെ സംഗീതം പ്രേക്ഷകനെ വിസ്മയിപ്പിച്ചു ലയിപ്പിച്ചു നിര്‍ത്തി. ഇബിലീസിനു ചുറ്റുമുള്ള സ്വപ്നലോകത്തെ സൃഷ്ടിച്ചതില്‍ ജ്യോതിഷ് ശങ്കറിന്റെ കല സംവിധാനം ചിത്രത്തിന്റെ സുപ്രധാനമായ മറ്റൊരു ഘടകമാണ്. ചിത്രത്തില്‍ വൈശാഖന്റെയും ഫിദയുടെയും പ്രണയലോകത്തെ മോടികൂട്ടിയതിലെ കല സംവിധാനത്തിനുള്ള പങ്ക് വളരെ വലുതാണ്.

ചെറുതെന്നാലും, ചിത്രത്തിന്റെ ആ ഭാഗം പ്രേക്ഷകന്റെ മനസ്സില്‍ മായാതെകിടക്കുന്നതാണ്. ഡോണ്‍ വിന്‍സെന്റിന്റെ സംഗീതവും പരീക്ഷണമായിയാണ് അനുഭവപ്പെട്ടത്, ഓരോ കഥാപാത്രത്തെയും അവയിലെ നര്‍മ്മം സൃഷ്ടിക്കാന്‍ സാധിച്ചതിലും സംഗീതത്തിലെ പരീക്ഷണം വിജയിച്ചിരിക്കുന്നു, സംഗീത ഉപകരണങ്ങളിലെ പരീക്ഷണവും കഥയോട് ചേര്‍ന്ന് നില്‍ക്കുന്നതായി തോന്നി. ഇവയെ ഒട്ടും മടുപ്പിക്കാതെ കോര്‍ത്തിണക്കി രണ്ടു മണിക്കൂറുള്ള ഒരു മികച്ച സര്‍ക്കീട്ടാക്കിമാറ്റിയിട്ടുണ്ട് ഷമീര്‍ മുഹമ്മദിന്റെ ചിത്രസംയോജനം, നര്‍മ്മവും, ഹൃദ്യവുമായ മുഹൂര്‍ത്തങ്ങളെ അദ്ദേഹത്തിന്റെ എഡിറ്റിംഗിലെ സൂക്ഷ്മത ഏറെ മാറ്റു കൂട്ടുന്നതാണ്.

 

ചിത്രത്തില്‍ വൈശാഖന്റെ കഥാപാത്രം ആസിഫ് അലി വളരെ സൂക്ഷമതയോടുകൂടി അവതരിപ്പിച്ചു. മഡോണയുടെ ഫിദ എന്ന കഥാപാത്രവും കഥയുടെ മോടി കൂട്ടുന്ന ഘടകം തന്നെയാണ്. മുത്തശ്ശനായി ലാല്‍ മറ്റൊരു വേറിട്ട കഥാപാത്രം കാഴ്ചവെക്കുമ്പോള്‍ ജബ്ബാറായി സിദ്ദിഖ് കൈയടിക്കാവുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ നര്‍മ്മ മുഹൂര്‍ത്തങ്ങളില്‍ സിദ്ദിഖിന്റെ പ്രകടനത്തിന് വലിയൊരു പങ്ക് തന്നെയുണ്ട് ചിത്രത്തില്‍.

സംവിധായകനെ രോഹിത് വിഎസിന് പരീക്ഷണ ചിത്രങ്ങളോടാണ് കൂടുതല്‍ താത്പര്യമെന്ന് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ രണ്ടാം ചിത്രം അത്തരം ചിത്രങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്നാണ് മനസ്സിലാക്കിത്തരുന്നു.ആദ്യ ചിത്രത്തേക്കാള്‍ അദ്ദേഹത്തിന്റെ രണ്ടാം ചിത്രത്തില്‍ അദ്ദേഹത്തിന്റെ ക്രാഫ്റ്റ് മികച്ചതായിട്ടുമുണ്ട്. ഇബ്ലീസ് മരണത്തിലെ മനോഹാര്യതയിലേക്കുള്ള സര്‍ക്കീട്ടാണ്, കണ്ടു തീരുമ്പോള്‍ മരിക്കുവാന്‍ നമ്മെ കൊതിപ്പിക്കുന്ന സുന്ദരമായ ആവിഷ്‌കാരം. യുക്തി മറന്നു കയറിയാല്‍ ഇബ്ലീസ് ഒരു നാടോടി കഥപോലെ ഹൃദ്യമാണ്, സുന്ദരമാണ്…