| Sunday, 24th June 2018, 3:57 pm

ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ മര്‍ദ്ദനം: കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് ബ്യൂറോ നിര്‍ദ്ദേശിച്ചതായി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ തങ്ങളുടെ പ്രവൃത്തികള്‍ ക്യാമറയില്‍ പകര്‍ത്തിയെന്നാരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ആരോപണം. ദല്‍ഹി നോര്‍ത്ത് ബ്ലോക്കിലെ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസിനു തൊട്ടടുത്തു വച്ചാണ് സംഭവം.

റാഫി മാര്‍ഗിലെ വിത്തല്‍ഭായ് പട്ടേല്‍ ഹൗസിനടുത്തുവച്ച് ഉദ്യോഗസ്ഥനെ സംഘം ചേര്‍ന്ന് ഭേദ്യം ചെയ്യുകയായിരുന്നു. ബ്യൂറോയുടെ ദല്‍ഹി ആസ്ഥാനത്തു ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവൃത്തികള്‍ നിരീക്ഷിക്കാനായി അധികൃതര്‍ ചുമതലപ്പെടുത്തിയയാളാണ്.

“മര്‍ദ്ദനത്തിനിരയായ ഉദ്യോഗസ്ഥന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ചിത്രങ്ങളെടുത്തുകൊണ്ട് നീങ്ങുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തെ ഏല്‍പ്പിച്ച ജോലി.”


Also Read:എന്‍റെ ഹിന്ദുമതത്തിനു ഹിന്ദുത്വയുമായി ബന്ധമില്ല; ഹിന്ദുത്വയുടെ തുടക്കം സവര്‍ക്കറിലൂടെയെന്ന് ദിഗ്‌വിജയ് സിംഗ്‌


“ആറേഴു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ക്യാമറകളും റെക്കോര്‍ഡറുകളും ഒപ്പം ഫോണും തട്ടിയെടുക്കുകയും ചെയ്തു.” ഇന്റലിജന്‍സ് ബ്യൂറോയോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

ആറോളം പേര്‍ ചേര്‍ന്ന് ഒരാളെ മര്‍ദ്ദിക്കുന്നുവെന്ന വിവരം വഴിപോക്കന്മാരിലാരോ പൊലീസിലറിയിച്ചതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തിയ ശേഷമാണ് മര്‍ദ്ദനമേറ്റയാള്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിയുന്നത്. ശേഷം പൊലീസ് അധികൃതര്‍ അക്രമികളെ പിടികൂടുകയും ഉദ്യോഗസ്ഥന്റെ നഷ്ടപ്പെട്ട ക്യാമറ, ഫോണ്‍ എന്നിവ വീണ്ടെടുത്തു നല്‍കുകയുമായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിയെങ്കിലും, ഇന്റലിജന്‍സ് ഉന്നതര്‍ വിലക്കിയതിനെത്തുടര്‍ന്ന് വേണ്ടെന്നു വയ്ക്കുകയായിരുന്നു. നടന്ന സംഭവത്തെക്കുറിച്ച് രേഖാമൂലമുള്ള തെളിവുകള്‍ ഒന്നും തന്നെ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അല്പസമയത്തിനു ശേഷം വിട്ടയച്ചു.


Also Read:എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സല്ല മന്ത്രിപദം; പീയുഷ് ഗോയലിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍


പോപ്പുലര്‍ ഫ്രണ്ടിന്റെ ഇന്റലിജന്‍സ് വിഭാഗത്തിലെ പ്രവര്‍ത്തകരാണ് ഉദ്യോഗസ്ഥന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ആദ്യം ശ്രദ്ധിച്ചതെന്നും തുടര്‍ന്ന് ഇവരുടെ തന്നെ അക്രമിസംഘം സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും കണ്ടെത്തിയതായി അധികൃതര്‍ പറയുന്നു.

മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമായി പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി ഒരു ഇന്റലിജന്‍സ് യൂണിറ്റുണ്ടെന്നും, മികച്ച അക്കാദമിക പശ്ചാത്തലമുള്ള നിരവധി യുവാക്കള്‍ ഈ യൂണിറ്റിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

“ആശയവിനിമയങ്ങള്‍ ചോര്‍ത്താനും മറ്റുമായി പരിശീലനം സിദ്ധിച്ച ചാരന്മാരുടെ സംഘം ഇവര്‍ക്കുണ്ട്. ഇന്‍ലിജന്‍സ് ഉദ്യോഗസ്ഥരെയും പൊലീസുകാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിവുള്ളവരും ഇക്കൂട്ടത്തിലുണ്ട്.” ഇന്റലിജന്‍സിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഡെയ്‌ലി ന്യൂസ് അനാലിസിസ് റിപ്പോര്‍ട്ടു ചെയ്യുന്നു.


Also Read:ഏറ്റുമാനൂരില്‍ കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി


പോപ്പുലര്‍ ഫ്രണ്ടിന്റെ ഇന്റലിജന്‍സ് വിഭാഗം പൂര്‍ണമായും എഴുത്തു രേഖകള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ അറസ്റ്റിലായിട്ടുള്ള പ്രവര്‍ത്തകരില്‍ നിന്നൊന്നും തന്നെ എഴുത്തുരൂപത്തിലുള്ള തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്‍.ജി.ഓകള്‍, ട്രസ്റ്റുകള്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ എന്നിവയുടെ മറവിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പ്രവാചകനെ നിന്ദിച്ചെന്ന പേരില്‍ 2010ല്‍ തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ട് മാധ്യമശ്രദ്ധ നേടുന്നത്.

We use cookies to give you the best possible experience. Learn more