| Friday, 6th March 2020, 9:38 pm

'ആര്‍.എസ്.എസിനെയും ദല്‍ഹി പൊലീസിനെയും വിമര്‍ശിച്ചു'; മീഡിയ വണ്ണിനെ വിലക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ ഒമ്പത് കാരണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍.എസ്.എസിനെയും ദല്‍ഹി പൊലീസിനെയും വിമര്‍ശിച്ചതും മീഡിയാ വണ്‍ ചാനലിനെ വിലക്കുന്നതിനുള്ള കാരണം. ചാനലിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം
നല്‍കിയ നോട്ടിസിലാണ് വിലക്കിനുള്ള കാരണങ്ങള്‍ പറയുന്നത്.

25.02.2020ന് 06:10:02-06:47:07 മണിക്കും 00:30:22 മണിക്കും മീഡിയ വണ്‍ ചാനല്‍ നടത്തിയ റിപ്പോര്‍ട്ടിങ്ങാണ് നോട്ടീസില്‍ പ്രധാനമായി പറയുന്നത്. മീഡിയാ വണ്‍ ദല്‍ഹി കറസ്‌പോണ്ടന്റ് ഹസനുല്‍ ബന്നയായിരുന്നു ഈ റിപ്പോര്‍ട്ടിംഗ് നടത്തിയതെന്ന് നോട്ടീസില്‍ പറയുന്നു. ഒരു പ്രത്യേക സമുദായത്തിന് നേരെയുള്ള ആക്രമണമെന്ന തരത്തില്‍ ഹസനുല്‍ ബന്ന റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോപിക്കുന്നു.

നോട്ടീസില്‍ പറയുന്ന ആരോപണങ്ങള്‍

1. സി.എ.എ വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് ഹസനുല്‍ ബന്ന റിപ്പോര്‍ട്ട് ചെയ്തു.

2. ചന്ദ് ബാഗിലെ സി.എ.എ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.

3. സി.എ.എ അനുകൂലികളെ പൊലീസ് പിന്തുണയ്ക്കുകയാണെന്നും ഹസ്സനുല്‍ ബന്നയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായി.

4. മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് കലാപം നടക്കുന്നതെന്ന് പറഞ്ഞു.

5. തലേ ദിവസം നടന്ന ഭീം ആര്‍മി ബന്ദിന്റെ സമയത്തുണ്ടായിരുന്ന പൊലീസ് കലാപ സമയത്ത് മാറി നില്‍ക്കുകയായിരുന്നു.

6. ദല്‍ഹിയിലെ ആക്രമണങ്ങള്‍ സി.എ.എ വിരുദ്ധരെ ലക്ഷ്യമിട്ടാണെന്ന് മീഡിയാവണ്‍ റിപ്പോര്‍ട്ട് പറയാന്‍ ശ്രമിച്ചു.

7. ആര്‍.എസ്.എസിനെ മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്തു.

8. ദല്‍ഹി പൊലീസ് ഇടപെടല്‍ നിസംഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.

9. ആര്‍.എസ്.എസിനെയും ദല്‍ഹി പൊലീസിനെയും റിപ്പോര്‍ട്ട് വിമര്‍ശിച്ചു.

ഇതെല്ലാം സര്‍ക്കാര്‍ കലാപ സമയത്ത് നല്‍കിയ നിര്‍ദേശങ്ങളെ ലംഘിക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു.

മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റിനും മീഡിയ വണ്ണിനും സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 48 മണിക്കൂര്‍ നേരത്തേക്കാണ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ആണ് 48 മണിക്കൂര്‍ നേരം ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more