[]ന്യൂദല്‍ഹി: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ തീവ്രവാദിയായിരുന്നെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിനു പിന്നില്‍ ഇന്റലിജന്‍സ് ബ്യൂറോയാണെന്ന് സി.ബി.ഐ.
മുന്‍ ഐ.ബി സ്‌പെഷല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാറാണ് ഇതിനു പിന്നിലെന്ന് സി.ബി.ഐ അറിയിച്ചു.
ഇസ്രത്ത് ജഹാന് അടക്കം നാലു പേര്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലൂടെയായിരുന്നെന്ന് വിവരങ്ങള്‍ നല്‍കിയത് രജീന്ദര്‍ കുമാറായിരുന്നെന്ന് സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
രജീന്ദര്‍കുമാറിന്റെ ഈ നടപടിയെതുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ് മണി ഗുജറാത്ത് ഹൈക്കോടതിയില്‍ രണ്ടു മാസത്തിനിടെ രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും സി.ബി.ഐ വ്യക്തമാക്കുന്നു.
അഹ്മദാബാദ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കഴിഞ്ഞദിവസം സമര്‍പിച്ച കുറ്റപത്രത്തില്‍ നാല് ഐ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അനധികൃതമായി തടവില്‍ പാര്‍പ്പിക്കല്‍, ആയുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ സി.ബി.ഐ ചുമത്തിയിരുന്നു. രജീന്ദര്‍കുമാറിനെ കൂടാതെ ടി.ടി. മിത്തല്‍, എം.കെ.സിന്‍ഹ, രാജീവ് വാങ്കഡെ എന്നിവരാണ് പ്രതികള്‍.
2004 ജൂണ്‍ 15 നാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയവരെന്നാരോപിച്ച് 19കാരിയായ ഇസ്രത്ത് ജഹാനും പ്രാണേഷ് പിള്ളയുമടക്കം നാല് പേരെ പോലീസ് വ്യാജ ഏറ്റുമുട്ടിലില്‍ വധിച്ചത്.
പാക്കിസ്താന്‍ തീവ്രവാദികളാണിവരെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്‌ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഉറ്റ അനുയായിയും മുന്‍ അഭ്യന്തരമന്ത്രിയുമായ അമിത് ഷായെ സി.ബി.ഐ വിശദമായി ചോദ്യം ചെയ്തിരുന്നു.
ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.ജി വന്‍സാരയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അമിത് ഷായെ ചോദ്യം ചെയ്തത്. ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ പോലീസ് മാത്രമല്ല സര്‍ക്കാരിനും തുല്യ ഉത്തരവാദിത്വമുണ്ടെന്നായിരുന്നു വന്‍സാരയുടെ മൊഴി.
അതേസമയം കുറ്റപത്രത്തില്‍ അമിത് ഷായുടെ പേരില്ല. അമിത് ഷായുടെ പങ്കിനെ കുറിച്ച് വിശദമായി അന്വേഷിച്ചെങ്കിലും ഇത് സംബന്ധിച്ച് തെളിവൊന്നും ലഭിക്കാത്തതിനാലാണ് കുറ്റപത്രത്തില്‍ പേര് ചേര്‍ക്കാത്തതെന്നുമാണ് സി.ബി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.