ഛണ്ഡിഗഡ്: 2019 പൊതു തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് അശോക സര്‍വകലാശാലയില്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം. സര്‍വകലാശാലയിലെ മുതിര്‍ന്ന അക്കാദമിക് വിദഗ്ധരെയും ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യ തിരിച്ചിറക്കം’ എന്ന പ്രബന്ധം തയ്യാറാക്കിയ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സബ്യസാചി ദാസിനെയും ഐ.ബി ചോദ്യം ചെയ്യുമെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രബന്ധം പ്രസിദ്ധീകരിച്ചതിനു പിന്നാലെയുണ്ടായ വിവാദത്തില്‍ സര്‍വകലാശാല സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് സബ്യസാചി ദാസ് രാജിവെച്ചിരുന്നു. അതുകൊണ്ട് നിലവില്‍ അദ്ദേഹം ക്യാമ്പസിലില്ല. എന്നാല്‍ ഗവേഷണ ഉള്ളടക്കം ചര്‍ച്ച ചെയ്യാന്‍ മറ്റു അധ്യാപകരുമായി ഐ.ബി ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും രേഖാമൂലം അറിയിക്കണമെന്ന അധ്യാപകരുടെ ആവശ്യം ഐ.ബി ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. അതുകൊണ്ട് തന്നെ ഉദ്യോസ്ഥരെ ചോദ്യം ചെയ്യാന്‍ ഐ.ബിക്ക് സാധിച്ചില്ല.
അതേസമയം സര്‍വകലാശാലയില്‍ ഐ.ബിയെ അയച്ച കേന്ദ്രത്തിന്റെ നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കൊലപാതകം മാത്രമാണ് സര്‍ക്കാര്‍ തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ഗവേഷകന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് കൊണ്ടുള്ള ഫോണ്‍കോളുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും വന്നിരുന്നുവെന്ന് അശോക സര്‍വകലാശാലയെ സാമ്പത്തികമായി പിന്തുണക്കുന്ന വ്യവസായികള്‍ പറഞ്ഞതായി ദി വയറും റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പിയും എതിര്‍പാര്‍ട്ടിയും കടുത്ത പോരാട്ടം കാഴ്ചവെച്ച മിക്ക മണ്ഡലങ്ങളിലും ബി.ജെ.പി യുടെ ജയം സംശയാസ്പദമാണെന്നാണ് പ്രബന്ധത്തില്‍ സബ്യസാചി ദാസ് ചൂണ്ടിക്കാട്ടിയത്. മുന്‍ കാല തെരഞ്ഞെടുപ്പുകളില്‍ ഇത്തരമൊരു ചിത്രം കാണാനുണ്ടായിരുന്നില്ലെന്നും അതില്‍ പറയുന്നു. തന്റെ പ്രബന്ധത്തിലെ കണ്ടുപിടിത്തങ്ങള്‍ തെരഞ്ഞെടുപ്പ് കൃത്രിമമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാത്രമല്ല, കടുത്ത പോരാട്ടത്തിനൊടുവില്‍ ബി.ജെ.പി ജയിച്ച മിക്ക മണ്ഡലങ്ങളും പാര്‍ട്ടി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളുമാണ്. അതേസമയം പ്രബന്ധം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബി.ജെ.പി രംഗത്തുവന്നിരുന്നു.
പിന്നാലെ അശോക സര്‍വകലാശാലയുടെ ഭരണ സമിതി തന്റെ പ്രബന്ധത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ആഭ്യന്തര കമ്മിറ്റിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സബ്യസാചി ദാസ് രാജി വെച്ചത്. ഇദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സീനിയര്‍ എക്കണോമിക്‌സ് പ്രൊഫസര്‍ പുലപ്രെ ബാലകൃഷ്ണനും രാജിവെച്ചിരുന്നു. അശോക സര്‍വകലാശാലയുടെ നടപടി അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചായിരുന്നു ബാലകൃഷ്ണന്‍ രാജി വെച്ചത്.
രാജ്യത്തൊട്ടാകെയുള്ള 91 സ്ഥാപനങ്ങളില്‍ നിന്നുള്ള 320 സാമ്പത്തിക വിദ്ഗധര്‍ ദാസിനെ ഉപാധികളില്ലാതെ ഉടനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു,
content highlights: IB investigation in ashoka university