നിലപാട് മയപ്പെടുത്തി ഐ.എ.എസ് ഓഫീസര്‍മാര്‍; കേജ്‌രിവാളിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ചു
National
നിലപാട് മയപ്പെടുത്തി ഐ.എ.എസ് ഓഫീസര്‍മാര്‍; കേജ്‌രിവാളിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th June 2018, 5:29 pm

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ഐ.എ.എസ് ഓഫീസര്‍മാരും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും തമ്മില്‍ ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നു. ചര്‍ച്ചക്കുള്ള ക്ഷണം സ്വീകരിക്കുന്നതായി ഐ.എ.എസ് ഓഫീസര്‍മാര്‍ ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

ബഹുമാന്യനായ മുഖ്യമന്ത്രിയുടെ ചര്‍ച്ചയ്ക്കുള്ള ക്ഷണം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പൂര്‍ണ്ണമായ അര്‍പ്പണബോധത്തോടുകൂടെ ഞങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കും. ഞങ്ങളുടെ സുരക്ഷയും മാന്യതയും സംരക്ഷിക്കുന്ന നീക്കങ്ങള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ, ഐ.എ.എസ് ഓഫീസര്‍മാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഞായാറാഴ്ച ഐ.എ.എസ് ഓഫീസര്‍മാരോട് സമരം അവസാനിപ്പിച്ച് ജോലി ചെയ്യാന്‍ കേജ്‌രിവാള്‍ ആവശ്യപ്പെട്ടിരിന്നു. ഓഫീസര്‍മാരുടെ സുരക്ഷ ഗവണ്‍മെന്റ് ഉറപ്പുവരുത്തുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.

തങ്ങള്‍ സമരത്തില്‍ അല്ലെന്നും, തങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന് തോന്നുന്ന മീറ്റിങ്ങുകളിലാണ് തങ്ങള്‍ പങ്കെടുക്കാത്തതെന്നും ഇന്നലെ പത്രസമ്മേളനത്തില്‍ ഐ.എ.എസ് ഓഫീര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കേജ്‌രിവാള്‍ ഇവര്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കിയത്.

ഐ.എ.എസ് ഓഫീസര്‍മാര്‍ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേജ്‌രിവാളും മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ ഓഫീസിന് മുന്നില്‍ ഒരാഴ്ചയായി സമരത്തിലാണ്. സമരത്തിന് കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണയുമുണ്ട്. അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്ന സത്യേന്ദര്‍ ജയിന്‍ മനീഷ് സിസോദിയ എന്നീ ആം ആദ്മി നേതാക്കളെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.