| Monday, 3rd June 2019, 8:02 pm

ഗാന്ധിയെ അപമാനിച്ച് ട്വീറ്റ് ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം; നടപടി ട്വീറ്റ് വിവാദമായതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിയെ അപമാനിച്ചും ഗോഡ്‌സെയ്ക്ക് നന്ദി പറഞ്ഞും ട്വീറ്റ് ചെയ്ത് വിവാദത്തിലായ ഐഎസ് ഉദ്യോഗസ്ഥ നിധി ചൗധരിയെ സ്ഥലം മാറ്റി. ബൃഹന്‍മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്റെ ഉത്തരവാദിത്വത്തില്‍നിന്നും നിതിയെ വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

‘എത്രമാത്രം അസാധാരണമായ ആഘോഷമാണ് 150ാം ജന്മദിനത്തില്‍ നടക്കുന്നത്. അവരുടെ മുഖം നമ്മള്‍ കറന്‍സിയില്‍ നിന്നും മാറ്റുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അവരുടെ പ്രതിമകള്‍ മാറ്റുന്നു, സ്ഥാപനങ്ങളുടേയും റോഡുകളുടേയും പേരുകള്‍ പുനര്‍നാമകരണം ചെയ്യുന്നു. ഇതാണ് നമ്മളില്‍നിന്നുണ്ടാകുന്ന ഏറ്റവും വലിയ ബഹുമതി. നന്ദി ഗോഡ്സെ 30.1.1948 ലേതിന്,’ എന്നായിരുന്നു നിധി ചൗധരിയുടെ ട്വീറ്റ്.

ട്വീറ്റ് വിവാദമായതിന് പിന്നാലെ നിധിക്കെതിരെ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടിരുന്നു. ‘ആദ്യം പ്രഗ്യാസിങ് ഠാക്കൂര്‍, പിന്നീട് ഉഷാ ഠാക്കൂര്‍ ഇപ്പോഴിതാ മഹാരാഷ്ട്ര ഐ.എ.എസ് ഓഫീസര്‍ നിധിന്‍ ചൗദരി, എല്ലാവരും ഗാന്ധിയുടെ ഘാതകനെ പുകഴ്ത്തുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇതിനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കേണ്ടതാണ്. ‘ എന്നായിരുന്നു രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടത്.

ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി നിധി ചൗധരി രംഗത്തെത്തിയിരുന്നു. ട്വീറ്റ് പിന്‍വലിച്ചെന്നും ഗാന്ധിജിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നിതി വ്യക്തമാക്കി. തന്റെ ട്വീറ്റ് ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു. ഇവര്‍ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

We use cookies to give you the best possible experience. Learn more