[] തിരുവനന്തപുരം: ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി സുരേഷ് കുമാറിനെ പ്രിന്‍സിപ്പാള്‍ സെക്രട്ടറിയായുള്ള സ്ഥാനക്കയറ്റം തടഞ്ഞ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ ഐ.എ.എസ് അസോസിയേഷന്‍. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥാനക്കയറ്റം നടത്താമെന്നാണ് ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.
നേരത്തെ സ്ഥാനക്കയറ്റത്തിനായി വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പരിഗണിച്ചപ്പോള്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സുരേഷ് കുമാറിന്റെ സ്ഥാനക്കയറ്റം തടഞ്ഞിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അച്യൂതാനന്ദന്‍ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നതെന്നും അത് നിയമവിരുദ്ധമായതിനാല്‍ പരിഗണിക്കാനാവില്ലെന്നുമാണ് ഭരത് ഭൂഷണ്‍ വിശദീകരിച്ചത്.
എന്നാല്‍ സുരേഷ് കുമാറിന്റെ മേലുദ്യോഗസ്ഥനായതിനാല്‍ അച്യുതാനന്ദന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട പരിഗണിച്ച് സ്ഥാന കയറ്റം നല്‍കാമെന്നാണ് ഇതേക്കുറിച്ച് പഠിച്ച ഐ.എ.എസ് അസോസിയേഷന്‍ പറയുന്നത്. ജനുവരി ഒന്നിനായിരുന്നു സുരേഷ് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നത്. ഐ.എ.എസുകാരുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് ആരെഴുതണമെന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും ചീഫ് സെക്രട്ടറിയെ ഈ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അസോസിയേഷന്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
സെക്രട്ടറിമാരുടെ ജോലി വിലയിരുത്താനുള്ള യോഗ്യത ബന്ധപ്പെട്ട മന്ത്രിമാര്‍ക്കാണെന്നും അസോസിയേഷന്‍ പറഞ്ഞു. 1970ലെ കോണ്‍ഫിഡന്‍ഷ്യല്‍ റൂള്‍സ് പ്രകാരം ഐ.എ.എസുകാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് ചീഫ് സെക്രട്ടറിയാണ്. എന്നാല്‍ 2007ല്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചപ്പോള്‍ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ട ചുമതല മേല്‍നോട്ടം വഹിക്കുന്ന അധികാരിയ്ക്കായി. എന്നാല്‍ പഴയ നിയമനുസരിച്ച് ചീഫ് സെക്രട്ടറി തന്നെയായിരുന്നു അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.