തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിക്ക് വോട്ടിങ്ങ് ശതമാനം 2016നേക്കാള്‍ കുറയുമെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ബി.ജെ.പി സംസ്ഥാന നേതൃത്വവും, ചില മാധ്യമങ്ങളും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏഴ് സീറ്റുകളോളം ലഭിക്കുമെന്ന പ്രചരണം നടത്തുന്നതിനിടെയാണ് 2016ലേക്കാള്‍ കുറഞ്ഞ വോട്ടിങ്ങ് ശതമാനമായിരിക്കും ബി.ജെ.പിക്ക് 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ലഭിക്കുക എന്ന് ഐ.എ.എന്‍.എസ് സര്‍വ്വേ ഫലം പ്രവചിക്കുന്നത്.
ബി.ജെ.പിക്ക് 12.7 ശതമാനം വോട്ടും പരമാവധി ഒരു സീറ്റുമാണ് ഐ.എ.എന്‍.എസ് സര്‍വേ പ്രവചിക്കുന്നത്. നേരത്തെ പുറത്തുവന്ന ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വേ ബി.ജെ.പിക്ക് രണ്ട് വരെ സീറ്റുകളാണ് പ്രവചിച്ചത്.
ട്വിന്റി ഫോര്‍ ന്യൂസിന്റെ പോള്‍ ട്രാക്കര്‍ സര്‍വ്വേയിലും തെക്കന്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രവചിച്ചിരുന്നത്.
മധ്യകേരളത്തില്‍ എന്‍.ഡി.എയ്ക്ക് പൂജ്യം സീറ്റുകളായിരിക്കും ലഭിക്കുക എന്നും പോള്‍ട്രാക്കര്‍ സര്‍വ്വേ പ്രവചിക്കുന്നു.
2016ലെ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഒരു സീറ്റില്‍ ബി.ജെ.പി വിജയിച്ചിരുന്നു. 2011നെ അപേക്ഷിച്ച് വോട്ടിങ്ങ് ശതമാനം മെച്ചപ്പെടുത്താനും 2016ല്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു. 14.4 ശതമാനം വോട്ടായിരുന്നു ബി.ഡി.ജെ.എസിനെ ഉള്‍പ്പെടെ കൂടെ നിര്‍ത്തിക്കൊണ്ട് എന്‍.ഡി.എക്ക് നേടാന്‍ സാധിച്ചത്.
2011ല്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ടിങ്ങ് ശതമാനം 10.5 ആയിരുന്നു. അതായത് 21,29,726 വോട്ടുകള്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സര്‍വ്വേ ഫലം പ്രവചിക്കുന്നത് ബി.ജെ.പിക്ക് 12.7 ശതമാനം വോട്ട് മാത്രമായിരിക്കും ലഭിക്കുക എന്നാണ്. അതായത് 2016നേക്കാള്‍ രണ്ട് ശതമാനത്തോളം വോട്ടുകുറയും.
പുറത്തുവന്ന എല്ലാ സര്‍വ്വേകളും എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിക്കുന്നുണ്ട്. ഐ.എ.എന്‍.എസ് സീവോട്ടറുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ എല്‍.ഡി.എഫിന് 40.1 ശതമാനം വോട്ടും 87 ശതമാനം സീറ്റും പ്രവചിച്ചു. യു.ഡി.എഫിന്റെ വോട്ട് 32.6 ശതമാനമായി കുറഞ്ഞ് പരമാവധി 51 സീറ്റ് വരെ ലഭിക്കുമെന്നും സര്‍വ്വേ ഫലം സൂചിപ്പിക്കുന്നു.