ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.എസ്.എല്ലിന്റെ ഫൈനലിലെത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയാശംസയുമായി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം. ഐ.എസ്.എല്ലിന്റെ ഉദ്ഘാടന സീസണില്‍ ഫൈനസലിലെത്തിയ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം തന്റെ പഴയ ടീമിന് ആശംസകളുമായെത്തുന്നത്. ഹ്യൂമേട്ടന്റെ ആശംസ കൂടി ആയതോടെ മഞ്ഞപ്പട വീണ്ടും ആവേശത്തിലായിരിക്കുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച താരമാണ് ഇയാന്‍ ഹ്യൂം. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 28 മത്സരങ്ങളില്‍ നിന്ന് 10 ഗോളും മൂന്ന് അസ്സിസ്റ്റുമാണ് ഈ കനേഡിയന്‍ താരം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനെ ആദ്യ സീസണില്‍ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും ഹ്യൂം വഹിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്‍ മോഹന്‍ലാലും കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. തന്റെ പേരുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സി അണിഞ്ഞാണ് താരം മഞ്ഞപ്പടയ്ക്കുള്ള തന്റെ കട്ട സപ്പോര്‍ട്ട് വ്യക്തമാക്കിയത്.
അതേസമയം, ഫൈനല്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ ഐക്കോണിക്ക് മഞ്ഞ ജേഴ്‌സി ധരിക്കാന്‍ അനുവാദമുണ്ടാവുകയില്ല. ഹൈദരാബാദ് എഫ്.സിക്കായിരിക്കും മഞ്ഞ ജേഴ്‌സി ധരിക്കാന്‍ സാധിക്കുക. ബ്ലാസ്റ്റേഴ്‌സ് എവേ ജേഴ്‌സി അണിഞ്ഞുവേണം കളത്തിലിറങ്ങാന്‍.
എന്നാല്‍ മഞ്ഞ ജേഴ്‌സി ഇല്ലെങ്കിലും തങ്ങളുടെ പ്രകടനത്തിന് ഒരു കുറവും സംഭവിക്കാന്‍ പോവുന്നില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ താരവും, സഹപരിശീലകനുമായ ഇഷ്ഫാഖ് അഹമ്മദ് വ്യക്തമാക്കിയിരുന്നു.
ലീഗ് മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റെ നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിന് മഞ്ഞ ജേഴ്‌സി ധരിക്കാനുള്ള അവസരം കിട്ടിയത്. ഇതോടെ ഗോവയിലെത്തുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് അല്‍പം സങ്കടപ്പെടേണ്ടി വരും.
കരുത്തരയായ എ.ടി.കെ മോഹന്‍ ബഗാനെ തോല്‍പിച്ചായിരുന്നു ഹൈദരാബാദ് ഫൈനലിലെത്തിയത്. രണ്ടാം പാദത്തില്‍ 1-0ന് തോറ്റെങ്കിലും ആദ്യ പാദത്തില്‍ നേടിയ 3-1 എന്ന സ്‌കോര്‍ തുണയാവുകയായിരുന്നു. ഫൈനല്‍ അഗ്രഗേറ്റ് സ്‌കോര്‍ 3-2
ഇതാദ്യമായാണ് ഹൈദരാബാദ് ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.