| Thursday, 29th March 2018, 9:51 am

വിലക്കേര്‍പ്പെടുത്തിയത് ശരിയായ തീരുമാനം; അവരെ ഇനി ഓസീസിന്റെ നായക വേഷത്തില്‍ കാണാന്‍ പാടില്ല; താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇയാന്‍ ചാപ്പല്‍

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: പന്തില്‍ കൃത്രിമം കാട്ടിയ കുറ്റത്തിനു ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാര്‍ണറെയും വിലക്കിയ നടപടിയെ ശരിവെച്ച് മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടി കടുത്തുപോയെന്ന അഭിപ്രായവുമായി പലരും രംഗത്തെത്തുന്നതിനിടെയാണ് വിവാദത്തിലകപ്പെട്ട താരങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച് ഇയാന്‍ ചാപ്പല്‍ രംഗത്തെത്തിയത്.

സ്റ്റീവ് സ്മിത്തിനെ ഇനിയൊരിക്കലും ഓസീസ് നായക സ്ഥാനത്ത് കാണരുതെന്നാണ് ചാപ്പല്‍ പറയുന്നത്. ഇന്നലെയായിരുന്നു നായകനെയും ഉപനായകനെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്ടിനെ ഒമ്പതു മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത്. ഇരുവരെയും ടീമിന്റെ മുന്‍നിരയിലേക്ക് ഇനി ഒരിക്കലും പരിഗണിക്കില്ലെന്നും ബോര്‍ഡ് പറഞ്ഞിരുന്നു.

സമാന അഭിപ്രായം പങ്കുവെച്ചാണ് മുന്‍ നായകനും ഓസീസ് ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളുമായ ഇയാന്‍ ചാപ്പല്‍ രംഗത്തെത്തിയത്. “അവര്‍ ഇനി ഒരിക്കലും ഓസീസിനെ നയിക്കുന്നത് എനിക്കു കാണേണ്ട. നായകനുണ്ടാകേണ്ട പ്രധാന കാര്യം സഹതാരങ്ങളുടെ ബഹുമാനം ലഭിക്കുക എന്നതാണ്.” ചാപ്പല്‍ പറഞ്ഞു.

“കേപ്പ് ടൗണില്‍ കളിച്ച രീതിവെച്ച് നോക്കുമ്പോള്‍ എനിക്കുറപ്പാണ് അവര്‍ക്കൊരിക്കലും ഇനി സഹതാരങ്ങളില്‍ നിന്നു യാതൊരു ബഹുമാനവും ലഭിക്കില്ല. അതുകൊണ്ട് അവര്‍ ഓസീസിനെ നയിക്കുന്ന കാര്യം നമുക്ക് മറന്നേക്കാം.” ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

താരങ്ങളെ ആറുമാസത്തേക്കാണ് വിലക്കിയതെങ്കില്‍ അവര്‍ അടുത്ത സമ്മര്‍ സീസണില്‍ വീണ്ടും കളത്തിലിറങ്ങുമായിരുന്നെന്ന് പറഞ്ഞ താരം ഒരുവര്‍ഷത്തേക്ക് വിലക്കിയ നടപടിയെ അംഗീകരിക്കുകയാണെന്നും പറയുന്നു.

We use cookies to give you the best possible experience. Learn more