| Saturday, 13th August 2022, 8:17 pm

ഞാന്‍ ആയിരുന്നു ആ സ്ഥാനത്തെങ്കില്‍ അവരെ കോടതി കയറ്റിയേനെ; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെതിരെ ആഞ്ഞടിച്ച് ഇയാന്‍ ചാപ്പല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബിഗ് ബാഷ് ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ വിദേശ പ്രതിഭകളെ ആകര്‍ഷിക്കാനും പ്രാദേശിക താരങ്ങളെ നിലനിര്‍ത്താനും ക്രിക്കറ്റ് ഓസ്ട്രേലിയ നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, അതിന് ലീഗ് പരാജയപ്പെടുന്നതാണ് കാണാന്‍ സാധിക്കുക.

യു.എ.ഇയില്‍ ആരംഭിക്കുന്ന പുതിയ ലീഗില്‍ പങ്കെടുക്കാന്‍ നിരവധി ഓസീസ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണറും വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ലിന്നുമാണ് ഈ കൂട്ടത്തില്‍ പ്രമുഖര്‍.

ക്രിസ് ലിന്നിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ നല്‍കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബി.ബി.എല്ലിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ക്രിസ് ലിന്‍. എന്നാല്‍ കഴിഞ്ഞ സീസണിന് ശേഷം ബ്രിസ്ബെയ്ന്‍ ഹീറ്റുമായുള്ള കരാര്‍ അദ്ദേഹം പുതുക്കിയിരുന്നില്ല. യു.എ.ഇ ലീഗില്‍ മാര്‍ക്വീ കളിക്കാരനായി അദ്ദേഹം സ്വയം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ ലിന്‍ കളിക്കുമോ എന്നത് വ്യക്തമല്ല.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ലിന്നിനെ സപ്പോര്‍ട്ട് ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകനായ ഇയാന്‍ ചാപ്പല്‍. താനാണ് ലിന്നിന്റെ സ്ഥാനത്ത് എങ്കില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ കോടതി കേറ്റിയേനെ എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.

തന്റെ സംസ്ഥാന ടീമായ ക്വീന്‍സ്‌ലാന്‍ഡുമായും ബ്രിസ്‌ബെയ്‌നുമായും കരാര്‍ ഇല്ലാത്ത ലിന്നിനെ യു.എ.ഇ ലീഗിലേക്ക് അയച്ചാല്‍ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു.

‘അവന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കോടതിയില്‍ കൊണ്ടുപോകണം. ക്രിക്കറ്റ് ഓസ്ട്രേലിയയുമായോ ക്വീന്‍സ്ലാന്‍ഡുമായോ അയാള്‍ക്ക് കരാറില്ലെങ്കില്‍ പിന്നെ എന്തിന് അവനെ തടയണം? അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുമായിരുന്നു,’ ചാപ്പല്‍ പറഞ്ഞു.

ടി20 ക്രിക്കറ്റിന്റെയും ഐ.പി.എല്ലിന്റെയും വര്‍ധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ചും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

‘നിങ്ങള്‍ക്ക് ഒരു ഐ.പി.എല്‍ കരാര്‍ ഉണ്ടായിരിക്കെ, ഓസ്ട്രേലിയന്‍ ലീഗോ യു.എ.ഇ ലീഗോ തെരഞ്ഞെടുക്കേണ്ടി വന്നാല്‍, ആദ്യത്തേത് തെരഞ്ഞെടുത്ത്, നിങ്ങളുടെ ഐ.പി.എല്‍ കരാര്‍ അപകടത്തിലാക്കാന്‍ ആഗ്രഹിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Ian Chappel Supports Cris Lynn  and Says if it was him he would have been taken Austrailian cricket to court

We use cookies to give you the best possible experience. Learn more