Sports News
വിരാടിനും ഫാഫിനും അത് കഴിയില്ല, ബെംഗളൂരുവിനെ കിരീടത്തില്‍ എത്തിക്കാന്‍ അയാള്‍ക്ക് മാത്രമേ സാധിക്കൂ; ഇയാന്‍ ബിഷപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 23, 02:45 pm
Thursday, 23rd May 2024, 8:15 pm

ഐ.പി.എല്‍ ചരിത്രത്തില്‍ ഒമ്പതാം തവണയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോട് എലിമിനേറ്ററില്‍ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ എലിമിനേറ്ററില്‍ ബെംഗളൂരിനെ തുണയ്ക്കാന്‍ ആര്‍ക്കും തന്നെ സാധിക്കാതെ വരുകയായിരുന്നു.

ഇതോടെ ഐ.പി.എല്‍ കിരീടത്തിന് വേണ്ടിയുള്ള ബെംഗളൂരിന്റെ കാത്തിരിപ്പ് നീളുകയാണ്. എന്നാല്‍ ഇനിയുള്ള സീസണില്‍ ടീമിന് കപ്പ് ഉയര്‍ത്തണമെങ്കില്‍ ടീമിന്റെ ഹെഡ് കോച്ച് ആന്ഡി ഫ്‌ളവറിനെ മാറ്റരുതെന്നാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പ് പറയുന്നത്. ഓരോ സീസണിലും മാറ്റങ്ങള്‍ വരുത്തുന്ന ബെംഗളൂരുവിന് സ്ഥിരതയുണ്ടാക്കാന്‍ കോച്ചിന് സാധിക്കുമെന്ന് പറഞ്ഞ ഫ്‌ളവറിനെ പിന്തുണക്കുകയാണ് ബിഷപ്പ്. അദ്ദേഹം തന്റെ എക്‌സ് പോസ്റ്റിലാണ് പറഞ്ഞത്.

‘അടുത്ത രണ്ട് സീസണുകളില്‍ ആര്‍.സി.ബിയെ ആര്‍ക്കെങ്കിലും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെങ്കില്‍ അത് ആന്‍ഡി ഫ്‌ലവറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ അദ്ദേഹം എക്സില്‍ എഴുതി.

മെയ് 24ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനേയാണ് നേരിടുന്നത്. മത്സരത്തില്‍ വിജയം സ്വന്തമാക്കി ആരാണ് ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

 

Content Highlight: Ian Bishop Talking About RCB Head Coach Andy Flower