2024 ഐ.സി.സി ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഒരുഘട്ടത്തില്‍ 30 പന്തില്‍ 30 റണ്‍സായിരുന്നു പ്രോട്ടിയാസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ജസ്പ്രീത് ബുംറയുടെ വരവില്‍ ഇന്ത്യ മത്സരം തിരിച്ച് പിടിക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ലോകകപ്പിലുടനീളം ബുംറ തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയത്.
ഇപ്പോള്‍ മുന്‍ വെസ്റ്റ് ഇന്ഡീസ് താരവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ് ബുംറയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
‘പന്ത് കൈയിലെടുത്താല്‍ ബുംറ ഒരു ജീനിയസ് ആണ്. അവന്‍ കാണിക്കുന്നത് മാജിക് തന്നെയാണ്. ഒരു തലമുറയുടെ പ്രതിഭയാണ് അവന്‍. എല്ലാ ഫോര്‍മാറ്റിലും മികച്ചു നില്‍ക്കുന്നതിനുള്ള അവന്റെ കഴിവാണ് എന്നെ അത്ഭുതപ്പെടുത്തിയത്,’ഇയാള്‍ ബിഷപ്പ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
ഈ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ ആണ് ബുംറ നേടിയിട്ടുള്ളത്. ലോകകപ്പ് അവസാനിക്കുമ്പോള്‍ ഒരു ചരിത്ര നേട്ടവും ബുംറ സ്വന്തമാക്കിയിരുന്നു. ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. 8.3 ആവറേജിലാണ് ബുംറ ഈ ലോകകപ്പില്‍ പന്തെറിഞ്ഞത്.