| Thursday, 20th April 2023, 10:59 am

ആരാണെന്ന് പറയില്ല, അതുകണ്ട് സച്ചിന്‍ പൊട്ടിക്കരഞ്ഞു, പഴയ കാര്യങ്ങള്‍ ഓര്‍ത്തു പോയിരിക്കാം: വിന്‍ഡീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജുന്‍ ടെന്‍ഡുക്കറിന്റെ അരങ്ങേറ്റത്തോടെ ഐ.പി.എല്‍ കളിക്കുന്ന ആദ്യ അച്ഛന്‍ – മകന്‍ ഡുവോ എന്ന റെക്കോഡ് സച്ചിനും അര്‍ജുനും ലഭിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനായി പന്തെറിഞ്ഞ അര്‍ജുന്‍ മികച്ച പ്രകടനമാണ് നിലവില്‍ കാഴ്ചവെക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌ഴ്‌സിനെതിരായ മത്സരത്തിലാണ് അര്‍ജുന്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ഏറെ കാലം സ്‌ക്വാഡിന്റെ ഭാഗമായ ശേഷമാണ് അര്‍ജുന് കളിക്കാന്‍ അവസരം ലഭിച്ചത്.

നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു അര്‍ജുന്‍ കാഴ്ചവെച്ചത്. രണ്ട് ഓവര്‍ പന്തെറിഞ്ഞ താരം 17 റണ്‍സായിരുന്നു വഴങ്ങിയത്. ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ താരം ഐ.പി.എല്ലിലെ ആദ്യ വിക്കറ്റും സ്വന്തമാക്കിയിരുന്നു. അവസാന ഓവറില്‍ സണ്‍റൈസേഴ്‌സിന് വിജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ രോഹിത് ശര്‍മ ധൈര്യപൂര്‍വം അര്‍ജുനെ പന്തേല്‍പിക്കുകയും താരം ആ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു.

ആ ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങുകയും ഭുവനേശ്വര്‍ കുമാറിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സിന്റെ വിജയവും നേടിക്കൊടുത്തിരുന്നു.

മത്സരത്തിനിടെ വിന്‍ഡീസ് ഇതിഹാസ താരവും കന്റേറ്ററുമായ ഇയാന്‍ ബിഷപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അര്‍ജുന്റെ ബൗളിങ് കണ്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കരഞ്ഞിരുന്നുവെന്നാണ് ബിഷപ് പറഞ്ഞത്.

‘ഫ്‌ളോര്‍ മാനേജര്‍ സച്ചിനുമായി സംസാരിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ പേര് പറയില്ല, അയാള്‍ എന്നോട് പറഞ്ഞത് സച്ചിന്‍ കരയുകയായിരുന്നു എന്നാണ്. താന്‍ ഐ.പി.എല്ലില്‍ ആദ്യമായി പന്തെറിഞ്ഞപ്പോള്‍ ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് വഴങ്ങിയിരുന്നുവെന്നും ഇപ്പോള്‍ അര്‍ജുനും അതുതന്നെ സംഭവിച്ചു എന്നുമാണ് സച്ചിന്‍ അവനോട് പറഞ്ഞത്. സച്ചിന്റെ മനസില്‍ ആ കാര്യം തങ്ങി നില്‍ക്കുന്നുണ്ടാവണം,’ കമന്ററിക്കിടെ ബിഷപ് പറഞ്ഞു.

ബൗളിങ്ങില്‍ മികച്ച ഫിഗേഴ്‌സും സ്റ്റാറ്റുകളും ഉണ്ടായിരുന്ന സച്ചിന് ഐ.പി.എല്ലില്‍ ഒരിക്കല്‍ പോലും ബൗളിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 2008 മുതല്‍ 2013 വരെ ഐ.പി.എല്ലിന്റെ ആറ് സീസണുകള്‍ കളിച്ച സച്ചിന്‍ ഒരു സീസണില്‍ മാത്രമാണ് പന്തെറിഞ്ഞത്.

ഡെക്കാന്‍ ചാര്‍ജേഴ്‌സ് ചാമ്പ്യന്‍മാരായ ഐ.പി.എല്ലിന്റെ രണ്ടാം എഡിഷനിലാണ് സച്ചിന്‍ ആകെ പന്തെറിഞ്ഞത്. ആകെ ആറ് ഓവര്‍ മാത്രമാണ് സീസണില്‍ എറിഞ്ഞതെങ്കില്‍ കൂടിയും വിക്കറ്റൊന്നും നേടാതെ 58 റണ്‍സാണ് സച്ചിന്‍ വഴങ്ങിയത്. 9.66 എന്ന എക്കോണണിയാണ് ഐ.പി.എല്ലില്‍ സച്ചിനുള്ളത്.

അതേസമയം, സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ച മുംബൈ ഇന്ത്യന്‍സിനെയും വിക്കറ്റ് വീഴ്ത്തിയ അര്‍ജുനെയും അഭിനന്ദിച്ച് സച്ചിന്‍ ട്വീറ്റ് പങ്കുവെച്ചിരുന്നു. ടീമിലെ വിജയശില്‍പികളുടെ പേരെടുത്ത് പറഞ്ഞ ശേഷം ഒടുവില്‍ ഒരു ടെന്‍ഡുല്‍ക്കറിന് ഐ.പി.എല്ലില്‍ വിക്കറ്റ് ലഭിച്ചു എന്നാണ് സച്ചിന്‍ കുറിച്ചത്.

Content Highlight: Ian Bishop about Sachin and Arjun Tendulkar

We use cookies to give you the best possible experience. Learn more