| Wednesday, 25th September 2024, 4:56 pm

സച്ചിനെ തകര്‍ത്താലും ഇല്ലെങ്കിലും റൂട്ട് അങ്ങനെ തന്നെ അറിയപ്പെടും; വ്യക്തമാക്കി ഇയാന്‍ ബെല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ടെസ്റ്റ് റണ്‍സിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരമാണ് മോഡേണ്‍ ഡേ ലെജന്‍ഡും ഇംഗ്ലണ്ട് സൂപ്പര്‍ താരവുമായ ജോ റൂട്ട്. മൂന്ന്-നാല് വര്‍ഷം നിലവിലെ ഫോമില്‍ ബാറ്റ് വീശിയാല്‍ സച്ചിന്റെ റെക്കോഡ് റൂട്ടിന്റെ പേരിലേക്ക് മാറ്റിയെഴുതപ്പെടുമെന്നുറപ്പാണ്.

200 ടെസ്റ്റില്‍ നിന്നും 15.921 റണ്‍സുമായാണ് സച്ചിന്‍ ടെസ്റ്റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതാണ് സച്ചിന്റെ മഹോജ്ജ്വലമായ ടെസ്റ്റ് കരിയര്‍.

മറുവശത്ത് 33കാരനായ റൂട്ടാകട്ടെ 146 മത്സരത്തില്‍ നിന്നും 34 സെഞ്ച്വറിയുടെയും 64 അര്‍ധ സെഞ്ച്വറിയുടെയും അകമ്പടിയോടെ 12402 റണ്‍സാണ് അടിച്ചുകൂട്ടിയത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനക്കാരനാണ് നിലവില്‍ റൂട്ട്.

ഇപ്പോള്‍ സച്ചിന്റെ റെക്കോഡ് തകര്‍ത്താലും ഇല്ലെങ്കിലും റൂട്ടിനെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്ററായി തന്നെ അടയാളപ്പെടുത്തുമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഇയാന്‍ ബെല്‍.

‘കഴിഞ്ഞ 12 മാസങ്ങളായി ജോ (ജോ റൂട്ട്) വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. റെക്കോഡുകള്‍ തകര്‍ക്കുന്നതില്‍ അവന്‍ കാര്യമായ ശ്രദ്ധ വെക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഓരോ നിമിഷവും ആസ്വദിക്കാനാണ് അവന്‍ ശ്രമിക്കുന്നത്.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച താരമായ സച്ചിനൊപ്പം ചേര്‍ത്തുവെച്ചുകൊണ്ട് സംഭാഷണത്തിന്റെ ഭാഗമാവുക എന്നത് തന്നെ വളരെ വലിയ നേട്ടമാണ്. സച്ചിന്റെ റെക്കോഡ് തകര്‍ത്താലും ഇല്ലെങ്കിലും ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്ററായി റൂട്ട് മാറുമെന്നതില്‍ ഒരു സംശയവും വേണ്ട,’ ബെല്‍ പറഞ്ഞു.

3519 റണ്‍സാണ് സച്ചിനെയും റൂട്ടിനെയും തമ്മില്‍ വേര്‍തിരിക്കുന്നത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ റൂട്ടിന് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടമല്ല ഇത്.

എന്നാല്‍ സച്ചിനെ വീഴ്ത്തുന്നതിന് മുമ്പ് തന്നെ തന്റെ മുന്‍ഗാമിയായ സര്‍ അലിസ്റ്റര്‍ കുക്കിനെ മറികടക്കാനുള്ള അവസരമാണ് റൂട്ടിന് മുമ്പിലുള്ളത്. ഇതിനായി വേണ്ടതാകട്ടെ വെറും 71 റണ്‍സും. ഇനി വരും മത്സരങ്ങളില്‍ നിന്നും 71 റണ്‍സ് നേടിക്കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായി റൂട്ട് മാറും.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 15,921

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 13,378

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ഐ.സി.സി – 13,289

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ/ഐ.സി.സി – 13,288

അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 12,472

ജോ റൂട്ട് – ഇംഗ്ലണ്ട് – 12,402*

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 12,400

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ്/ ഐ.സി.സി – 11,953

ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 11,867

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 11,814

അതേസമയം, നേരത്തെ അവസാനിച്ച ഇംഗ്ലണ്ട് – ശ്രീലങ്ക പരമ്പരയില്‍ കുക്കിന്റെ മറ്റൊരു റെക്കോഡും റൂട്ട് തകര്‍ത്തെറിഞ്ഞിരുന്നു. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടത്തിലാണ് റൂട്ട് കുക്കിനെ മറികടന്നത്.

പരമ്പരയിലെ രണ്ടാം മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയാണ് റൂട്ട് കുക്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – മത്സരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ജോ റൂട്ട് – 145 – 265 – 34*

അലിസ്റ്റര്‍ കുക്ക് – 161 – 291 – 33

കെവിന്‍ പീറ്റേഴ്‌സണ്‍ – 104 – 181 – 23

വാള്‍ട്ടര്‍ ഹാമ്മണ്ട് – 85 – 140 – 22

മൈക്കല്‍ കൗഡ്രേ – 114 – 188 – 22

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനമാണ് ഇനി റൂട്ടിന് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റിനാണ് ഇംഗ്ലണ്ട് പാകിസ്ഥാനിലെത്തുക.

Content Highlight: Ian Bell about Joe Root braking Sachin Tendulkar’s record

We use cookies to give you the best possible experience. Learn more