ന്യൂദല്‍ഹി: രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്തമാകുന്നതിനിടെ ട്വിറ്ററിലൂടെ കര്‍ഷകര്‍ക്കൊപ്പം അണിനിരന്ന് ജനങ്ങളും. ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം എന്ന ഹാഷ് ടാഗില്‍ ഇതിനോടകം പതിനായിരക്കണക്കിനാളുകളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ട്വിറ്ററില്‍ Iamwithfarmer ഹാഷ് ടാഗില്‍ ട്വീറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
” ഈഗോ സത്യവുമായി പോരാടുമ്പോള്‍ പരാജയപ്പടുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി മനസിലാക്കണം. സത്യത്തിന് വേണ്ടിയുള്ള കര്‍ഷകരുടെ യുദ്ധത്തെ ഈ ലോകത്തെ ഒരു സര്‍ക്കാരിനും തടയാന്‍ കഴിയില്ല.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മോദി സര്‍ക്കാര്‍ ഈ കരിനിയമം എടുത്ത് കളയുക തന്നെ വേണം.” രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.
രാജ്യത്തിന് ഭക്ഷണം തരുന്ന കര്‍ഷകരെ വടികൊണ്ടും പൈപ്പുകൊണ്ടും അടിച്ചാണ് മോദി സര്‍ക്കാര്‍ നേരിടുന്നതെന്നും നിരവധി പേര്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശം തരുമ്പോള്‍ സര്‍ക്കാരിന് അതെങ്ങനെ തടയാന്‍ കഴിയുമെന്നും നിരവധി പേര്‍ ചോദിക്കുന്നുണ്ട്.
ഇതിനോടകം 42,000ത്തിലധികം പേരാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി Iamwithfarmer ഹാഷ് ടാഗില്‍ മാത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ചയും കര്‍ഷക സമരത്തിന് പിന്തുണയുമായി നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു.
ഭരണഘടനാ ദിനത്തില്‍ തന്നെ കര്‍ഷകരെ അടിച്ചമര്‍ത്തുന്ന കേന്ദ്രത്തിന്റെ നയങ്ങള്‍ക്കെതിരെയാണ് ട്വിറ്ററില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നത്.
സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുള്ള കര്‍ഷകരെ ജലപീരങ്കി ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ബി.ജെ.പിയുടെ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തിയിരുന്നു.
ആറുവര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ പറ്റിക്കുകയാണെന്നും അവരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയാണെന്നും മനീഷ് തിവാരി പറഞ്ഞു. ഇതാണ് ഭരണഘടാനാ ദിനം ആഘോഷിക്കാനുള്ള ബി.ജെ.പിയുടെ രീതിയെന്നും അദ്ദേഹം ട്വറ്ററില്‍ വ്യാഴാഴ്ച പ്രതികരിച്ചിരുന്നു.
ഭരണഘടനാ ദിനത്തില്‍ തന്നെ പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ അവകാശം കുറ്റകൃത്യമായി മാറുകയാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് ആഷ കുമാരി പറഞ്ഞിരുന്നു.
കര്‍ഷക സമരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ നീതിയും, തുല്യതയും, സാഹോദര്യവുമില്ലെന്ന് ട്വീറ്റ് ചെയ്തവരും നിരവധിയാണ്.
കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഹരിയാനയില്‍ തടയുകയും അവരെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്ത ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തെത്തിയിരുന്നു.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദല്‍ഹി ചലോ മാര്‍ച്ചിന് ദല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചിരുന്നു. രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതായി ദല്‍ഹി പൊലീസ് കമ്മിഷണര്‍ അറിയിച്ചതായി എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നത്.
എന്നാല്‍ കര്‍ഷകരെ രാജ്യതലസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന് നിലപാടിലായിരുന്നു സര്‍ക്കാര്‍. സമരത്തിന് നേതൃത്വം നല്‍കിയ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: #Iamwithfarmers trending in twitter; Rahul Gandhi supports farmers protest