| Friday, 29th July 2022, 4:45 pm

ഏറ്റവും മാന്യതയിലാണ് അന്ന് പ്രതികരിച്ചത്; എന്റെ അഗ്രഷന്‍ ശരിക്കും അതിന്റെ പതിനായിരം മടങ്ങാണ്: ഗോകുല്‍ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് കമന്റിട്ടയാള്‍ക്ക് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു.

ഒരു ഭാഗത്ത് സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്നായിരുന്നു ഒരാളുടെ കുറിപ്പ്.

ഇതിന് ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,’ എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി. ഇത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

അന്നത്തെ തന്റെ പ്രതികരണത്തെ കുറിച്ച് മനസുതുറക്കുകയാണ് ഗോകുല്‍ സുരേഷ്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അങ്ങനെ തനിക്ക് പ്രതികരിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും അങ്ങനെ ഒരു പ്രതികരണം നടത്തിയിരുന്നില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന സാഹചര്യത്തെ കുറിച്ചുമൊക്കെ ഗോകുല്‍ സംസാരിച്ചത്.

സിനിമയില്‍ പാപ്പനുമായി മൈക്കിളിനുള്ള അടുപ്പം യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഗോകുലിന്റെ മറുപടി. അച്ഛനുമായി അകലമോ ഡിസ്റ്റന്‍സോ എനിക്കില്ല. മൈക്കിള്‍ പാപ്പന്റെ അടുത്ത് പെരുമാറുന്നതുപോലെയുള്ള അവസരങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട് ഞാന്‍ അത് ഉപയോഗിക്കുകയും ചെയ്യും. മൈക്കിളിനേക്കാള്‍ കുറേക്കൂടി അഗ്രഷന്‍ ഉള്ള ആളാണ് ഞാന്‍. മൈക്കിള്‍ കുറച്ചുകൂടി കാം ആയിട്ടുള്ള ആളാണ്, എന്നായിരുന്നു ഗോകുലിന്റെ കമന്റ്.

ആ അഗ്രഷന്‍ സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ കണ്ടു എന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആ കണ്ടത് തന്റെ ഒരംശം മാത്രമാണെന്നായിരുന്നു ഗോകുലിന്റെ മറുപടി.

അത് എന്റെ ഒരു അംശം മാത്രമാണ്. ഇല്ലെങ്കില്‍ എല്ലാവരും എന്നെ അറ്റാക്ക് ചെയ്യും. മനപൂര്‍വം അറ്റാക്ക് ചെയ്യും. ഫോക്കസ് ചെയ്ത് അറ്റാക്ക് ചെയ്യും. അതൊഴിവാക്കാന്‍ വേണ്ടി ഞാന്‍ ആ മാന്യതയില്‍ പ്രതികരിച്ചതാണ്. ഏറ്റവും മാന്യതയില്‍ പ്രതികരിച്ചതാണ് ആ കണ്ടത്. അതിന്റെ ഒരു പതിനായിരം മടങ്ങാണ് എന്റെ അഗ്രഷന്‍ എന്നുപറയുന്നത്.

അങ്ങനെ അച്ഛന് വേണ്ടി സംസാരിക്കാനുള്ള ഒന്ന് രണ്ട് അവസരം ഉണ്ടായിട്ടുണ്ട്. ആ ഫ്രീഡം എനിക്കുണ്ട്. അതിലൊന്നും അച്ഛന്‍ ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ കൂടുതല്‍ അഗ്രസീവായി എന്ന് തോന്നിയാല്‍ അച്ഛന്‍ എന്നെ ഒന്നു നോക്കും എന്നല്ലാതെ വേറെ റിയല്‍ ലൈഫില്‍ അച്ഛനുമായി ഒരു കെമിസ്ട്രി കുറവുമില്ല.

മൈക്കിള്‍ കുറച്ചുകൂടി ഫണ്ണി ഹ്യൂമര്‍ എലമെന്റ്‌സില്‍ പാപ്പനൊപ്പം പോകുന്നുണ്ട്. മൈക്കിളും പാപ്പനും തമ്മിലുള്ള ബന്ധം അറിയുമ്പോഴാണ് ഞാന്‍ ഈ പറയുന്ന രസം മനസിലാവുക. റിയല്‍ ലൈഫില്‍ ഞങ്ങള്‍ അച്ഛനും മകനുമാണല്ലോ. പിന്നെ ജോഷി സാറിന്റെ സെറ്റില്‍ അച്ഛനെ കാണുമ്പോഴുള്ള ഫീലിങ് ഒന്ന് വേറെ തന്നെയാണ്, ഗോകുല്‍ പറഞ്ഞു.

തന്നെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റിന് ഗോകുല്‍ നല്‍കിയ മറുപടിയെ കുറിച്ച് സുരേഷ് ഗോപിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഗോകുലിന്റേത് ഒരു പ്രതികരണമായി എല്ലാവരും എടുത്തെങ്കിലും കമന്റിട്ടയാളുടെ മാതാപിതാക്കളെയോര്‍ത്ത് തനിക്ക് സങ്കടം തോന്നിയെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞു.

‘എല്ലാവരും അതൊരു പ്രതികരണമായെടുത്തു. എനിക്ക് എന്റെ മകനെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നി. പക്ഷേ അതേസമയം ഞാന്‍ അയാളുടെ അച്ഛനെയും അമ്മയെയും ഓര്‍ത്തു. ഞാന്‍ ഇതുമായി ബന്ധപ്പെട്ട് ഗോകുലിനെ വിളിച്ചതേയില്ല. പക്ഷേ, കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ അതു പറയുന്നത് കേട്ടു. അപ്പോഴാണ് എനിക്ക് തോന്നിയത്, എന്റെ മകനാണ് നീ. എല്ലാവരും രാജ്യത്തിന്റെ സമ്പത്താണ്. മറ്റൊരാളുടെ ചോര കുടിച്ച് വളരരുത്,’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

Content Highlight: Iam Very aggressive says Gokul Suresh and social media post against suresh gopi

We use cookies to give you the best possible experience. Learn more