വംശീയക്രമണത്തെ തുടര്‍ന്ന് ദേശീയ ടീം വിടേണ്ടി വന്നെങ്കിലും താന്‍ ഇപ്പോഴും ജര്‍മനിയുടെ ആരാധകന്‍ തന്നെയാണെന്ന് മെസ്യൂട്ട് ഓസില്‍. ആരാധകരുമായി ട്വിറ്ററില്‍ നടത്തിയ ചോദ്യോത്തരവേളയിലാണ് ഓസില്‍ മനസ് തുറന്നത്.
“ചെറുപ്പകാലം തൊട്ട് ജര്‍മ്മന്‍ ടീമിന്റെ ആരാധകനാണ് ഞാന്‍. ദേശീയ ടീമില്‍ എനിക്ക് സുഹൃത്തുക്കളുണ്ട്. ഇപ്പോഴും എന്റെ പിന്തുണ ജര്‍മ്മന്‍ ടീമിന് തന്നെയാണ്.” ഓസില്‍ പറഞ്ഞു.
തനിക്കൊപ്പം കളിച്ചവരില്‍ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോയാണെന്നും എതിരായി കളിച്ചവരില്‍ മികച്ച താരം മെസ്സിയാണെന്നും ഓസില്‍ പറഞ്ഞു.
ഇപ്പോള്‍ ആഴ്‌സനലിന് വേണ്ടി കളിക്കുന്ന ഓസില്‍ മികച്ച ഫോമിലാണ്. തിങ്കളാഴ്ച ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ ഗോളടിച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ് ജര്‍മ്മന്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡ് ഓസില്‍ സ്വന്തമാക്കിയിരുന്നു.
ജര്‍മ്മനിയില്‍ വംശീയതക്കും അവഹേളനത്തിനും ഇരയായ മെസ്യൂട്ട് ഓസില്‍ ദേശീയ ടീമില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിക്കുമെന്നും താരം സമ്മര്‍ദ്ദത്തിലാണെന്നും വിമര്‍ശനമുണ്ടായിരുന്നു. ഇതിനെയെല്ലാം മറികടക്കുന്ന പ്രകടനമാണ് താരം ഇപ്പോള്‍ കാഴ്ചവെക്കുന്നത്.