ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ വെച്ച് തന്നെ സുഹൃത്തുക്കളായിരുന്ന താരങ്ങളാണ് മെസിയും പിക്വെയും.
പിന്നീട് സീനിയർ ടീമിലും ഒന്നിച്ച് കളിച്ചിരുന്ന താരങ്ങൾ പരസ്പരം പ്രശ്നത്തിലാവുകയും പിന്നീട് ശത്രുതയിലേക്ക് കടക്കുകയുമായിരുന്നു.
മെസിയുടെ ബാഴ്സലോണ വിട്ട് പോകലിന് പിന്നിലും പിക്വെയായിരുന്നു എന്ന തരത്തിൽ വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ടായിരുന്നു.
സാമ്പത്തിക പ്രതിസന്ധികൾ മൂലം കഷ്ടപ്പെടുന്ന ബാഴ്സക്ക് മെസിയുടെ ട്രാൻസ്ഫർ മൂലം സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും രക്ഷപെടാൻ സാധിക്കും എന്ന ആശയം മുന്നോട്ട് വെച്ചത് പിക്വെയായിരുന്നെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ബാഴ്സയുടെ വൈസ് പ്രസിഡന്റായിരുന്ന റാഫ യുസ്തെ മെസിയെ ബാഴ്സയിലേക്കെത്തിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ മെസിയുടെ ബാഴ്സ പ്രവേശനത്തെ പറ്റി തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജെറാദ് പിക്വെയിപ്പോൾ.
മുണ്ടോ ഡീപോർട്ടീവോക്ക് നൽകിയ അഭിമുഖത്തിലാണ് മെസിയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ പിക്വെ പറഞ്ഞത്.
“റാഫ യുസ്തെയേ എനിക്ക് നന്നായി അറിയാം. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. പക്ഷെ അദ്ദേഹം നമ്മൾ എന്ത് കേൾക്കണമെന്ന് ആഗ്രഹിക്കുമോ അത് മാത്രമെ നമ്മളോട് പറയുകയുള്ളൂ.
നിങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടാത്തതൊന്നും അദ്ദേഹം പറയാൻ ഇടയില്ല,’ പിക്വെ പറഞ്ഞു.
ലിയോ വരുന്നെന്ന രീതിയിലൊക്കെ അദ്ദേഹം സംസാരിച്ചിരുന്നു. പക്ഷെ ഇത്ര ഉറപ്പോടെ വ്യക്തതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് പറയുന്നതൊക്കെ കുറച്ച് ഓവറാണ്. ആളുകൾക്ക് അമിത പ്രതീക്ഷ നൽകുന്നത് വിപരീത ഫലമാകും ഉണ്ടാക്കുക,’ പിക്വെ കൂട്ടിച്ചേർത്തു.
അതേസമയം ലാ ലിഗയിൽ നിലവിൽ 27 മത്സരങ്ങളിൽ നിന്നും 23 വിജയങ്ങളുമായി 71 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
26 മത്സരങ്ങളിൽ നിന്നും 56 പോയിന്റുമായി രണ്ടാമതുള്ള റയലിനേക്കാൾ ബഹുദൂരം മുന്നിലാണ് ബാഴ്സയുടെ സ്ഥാനം.