| Tuesday, 11th June 2013, 9:43 pm

തെറ്റ് ചെയ്തിട്ടില്ല, നിയമ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസം: ശ്രീശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: താന്‍ തെറ്റുകാരനല്ലെന്നും, കുറ്റം തനിക്ക് മേല്‍ കെട്ടിവെക്കുകയാണ് ചെയ്തതതെന്നും ശ്രീശാന്ത്. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ജയില്‍ മേചിതനായതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.[]

വാതുവെപ്പ് കേസില്‍ പിടിയിലായ രാജസ്ഥാന്‍ റോയല്‍സ് താരവും മലയാളിയുമായ ശ്രീശാന്ത് ഇന്ന് വൈകീട്ടോടെയാണ്  ജയില്‍ മോചിതനായത്.

26 ദിവസത്തെ ജയില്‍ വാസത്തിന്  ശേഷമാണ് ശ്രീശാന്ത് ജയില്‍ മോചിതനായത്. കേസില്‍ ഇന്നലെയാണ് ശ്രീശാന്തിന് ജാമ്യം അനുവദിച്ചത്. ദല്‍ഹിയിലെ സാകേത് കോടതിയാണ് ശ്രീശാന്തിന് ജാമ്യം അനുവദിച്ചിരുന്നത്.  ശ്രീശാന്തിനെ കൂടാതെ മറ്റ്  18 പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

വളരെയധികം സന്തോഷമുണ്ട്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും, തന്നെ ആശ്വസിപ്പിച്ചവര്‍ക്കും നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും, നിയമ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് ശ്രീശാന്ത് പറഞ്ഞു.

ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണിന്റെ വസതിയില്‍ വെച്ചാണ് ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. നേരത്തെ ജയിലിന് മുമ്പില്‍ വെച്ച് ശ്രീശാന്തിന് മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ സാധിച്ചിരുന്നില്ല.  മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് വളരെ നാടകീയമായാണ് ശ്രീശാന്തിനെ പോലീസ്‌ തീഹാര്‍ ജയിലില്‍ നിന്ന് പുറതെത്തിച്ചത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 8.20 ഓടെയാണ് ശ്രീശാന്ത് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.  ശ്രീശാന്തിനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ജയില്‍വളപ്പിലുണ്ടായിരുന്നു.

രാവിലെ ജയില്‍മോചിതനാകുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനാല്‍ രാത്രിയാകുകയായിരുന്നു.

ശ്രീശാന്ത്, അജിത് ചാന്‍ഡില, അങ്കിത് ചവാന്‍ എന്നീ രാജസ്ഥാന്‍ കളിക്കാരേയും, ഏഴ് വാതുവെപ്പ്കാരെയുമായിരുന്നു  ദല്‍ഹി പോലീസ് നേരത്തെ  അറസ്റ്റ് ചെയ്തിരുന്നത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനമായിരുന്നു ശ്രീശാന്ത് കാഴ്ചവെച്ചിരുന്നത്. എന്നാല്‍ വാതുവെപ്പുമായി നേരത്തെ അറസ്റ്റിലായ സഹകളിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീശാന്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജയില്‍ മോചിതനായ ശ്രീശാന്ത് നാളെ നാട്ടിലെത്തുമെന്ന്  അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more