ഫെമിനിസ്റ്റ് പ്രസ്ഥാനത്തോട് വിയോജിപ്പ്! ഞാന്‍ പ്രൊ വുമണ്‍: ശോഭ ഡേ
klf2019
ഫെമിനിസ്റ്റ് പ്രസ്ഥാനത്തോട് വിയോജിപ്പ്! ഞാന്‍ പ്രൊ വുമണ്‍: ശോഭ ഡേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th January 2019, 10:16 pm

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അവസാനദിനമായ ഇന്ന് അക്ഷരം വേദിയില്‍ പ്രായ സ്ഥിരസങ്കല്പത്തിന്റെ അപനിര്‍മാണത്തെക്കുറിച്ച് പ്രശസ്ത കോളമിസ്റ്റും എഴുത്തുകാരിയുമായ ശോഭ ഡേ സംസാരിച്ചു. ബിന്ദു അമതുമായുള്ള സംഭാഷണത്തില്‍ “കേജിങ് ഓഫ് ഏജ്” എന്നത് നിരര്‍ത്ഥകമാണെന്നും ശോഭ ഡേ പറഞ്ഞു.

രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ വേണ്ടി മാത്രമേ താന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുള്ളുവെന്നും, സ്വകാര്യ ജീവിതത്തിലേക്കുള്ള അതിന്റെ കടന്നു കയറ്റത്തെ അവര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ഫെമിനിസ്റ്റ് പ്രസ്ഥാനത്തോട് വിയോജിപ്പാണെന്നും “പ്രൊ വുമണ്‍” എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീപക്ഷവാദികളെക്കാളും മനുഷ്യപക്ഷവാദികളുടെ കൂടെ നില്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.

പാഠ്യവിഷയങ്ങളില്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുന്ന അതേ സമയം എന്തുകൊണ്ട് അത് പ്രായോഗികമാക്കപ്പെടുന്നില്ല എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ശോഭ ഡേ യോജിപ്പ് പ്രകടിപ്പിച്ചു. സ്വതന്ത്രമായി നില്‍ക്കുന്ന വ്യക്തിയുടെ ശബ്ദമാണ് ആളുകള്‍ കേള്‍ക്കാന്‍ താത്പര്യപ്പെടുന്നത്.
രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കാത്തിന് കാരണം അതിലുള്ള രാഷ്ട്രീയ അജണ്ടകള്‍ പിന്തുടരാന്‍ തനിക്കു കഴിയില്ലാത്തതുകൊണ്ടാണെന്നും താന്‍ സ്വതന്ത്ര്യമായി നിലകൊള്ളുമെന്നും അവര്‍ വ്യക്തമാക്കി.