| Friday, 15th December 2017, 12:21 pm

ഹ്യൂമിനൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്ത് അനസ് എടത്തൊടിക; ഇന്ത്യന്‍ സൂപ്പര്‍താരത്തെ ട്രോളി മഞ്ഞപ്പടയുടെ ഹ്യൂമേട്ടന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണിലെ അഞ്ചാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ 1-0 ത്തിന്റെ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. കൊച്ചിയിലെത്തിയ ആരാധകരെല്ലാം മഞ്ഞക്കടിലിനൊപ്പം ആര്‍പ്പുവിളിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹ്യൂമേട്ടന്റെയും മലപ്പുറത്തുകാരന്‍ അനസ് എടത്തൊടികയുടെയും ചിത്രം വൈറലാവുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂര്‍ എഫ്.എസിയും തമ്മിലുള്ള മത്സരത്തിനു പിന്നാലെ ജംഷഡ്പൂരിന്റെ പ്രതിരോധ ഭടനും മലപ്പുറം സ്വദേശിയുമായ അനസ് എടത്തൊടിക തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ബ്ലാസ്‌റ്റേഴ്‌സിന്റെ പടത്തലവന്‍ ഇയാന്‍ ഹ്യൂം മറുപടിയുമായെത്തിയതോടെയാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

കേരളത്തിനെതിരായ മത്സരത്തില്‍ ഇയാന്‍ ഹ്യൂം തന്നെ ഫൗള്‍ ചെയ്ത ചിത്രമായിരുന്നു അനസ് ഹ്യൂമിനെ മെന്‍ഷന്‍ ചെയ്ത് പോസ്റ്റ് ചെയ്തത്. എന്നാല്‍ അനസ് വരെ പ്രതീക്ഷിക്കാത്ത മറുപടിയുമായായിരുന്നു ഇയാന്‍ ഹ്യൂമിന്റെ രംഗപ്രവേശം. അനസ് തന്നെ പിടിച്ചു വലിക്കാത്ത ഒരു ചിത്രം താന്‍ ആദ്യമായിട്ടാണ് കാണുന്നതെന്നായിരുന്നു ഹ്യും അനസിനു നല്‍കിയ മറുപടി.

കേരളക്കരയുടെ ഹ്യൂമേട്ടന്‍ ഇന്ത്യന്‍ ടീമിലെ മലയാളിക്കരുത്തായ അനസിനു നല്‍കിയ മറുപടി കേരളക്കരയും ഇന്ത്യയിലെ മുഴുവന്‍ ഫുട്‌ബോള്‍ ആരാധകരും ഏറ്റെടുക്കുകയായിരുന്നു. നിരവധി ലൈക്കുകളും റീ ട്വീറ്റുകളുമാണ് പോസ്റ്റുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more