ന്യൂദല്‍ഹി: പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം തകര്‍ത്തെന്ന വാദത്തില്‍ ഉറച്ച് ഇന്ത്യന്‍ വ്യോമസേന. പാകിസ്ഥാന്റെ പക്കലുള്ള എഫ്-16 യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ കുറവില്ലെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് ഫോറിന്‍ പോളിസി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ പ്രതികരണം.
തങ്ങളുടെ വാദം വ്യക്തമായ തെളിവുകളെ അടിസ്ഥാനമാക്കിയാണെന്ന് വ്യോമസേന പറയുന്നു. ക്യാമറ, റഡാര്‍ ചിത്രങ്ങള്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും എഫ്-16 തകര്‍ത്തതും, അഭിനന്ദന്‍ വര്‍ത്തമാന്റെ മിഗ്-21 ബൈസണ്‍ വിമാനം പാക് അധീന മേഖലയില്‍ പതിച്ചതും വ്യക്തമാണെന്ന് അധികൃതര്‍ പറയുന്നു.
നിലത്ത് പതിച്ച വിമാനത്തിന്റെ ഭാഗങ്ങള്‍ മിഗ്-21 ന്റേതല്ലെന്നും, പാകിസ്ഥാന്റെ ഒരു വിമാനം തിരിച്ചെത്തിയിട്ടില്ലെന്ന് പാക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തില്‍ നിന്നും വ്യക്തമാണെന്നും ഐ.എ.എഫ് അധികൃതര്‍ പറയുന്നു. ഇന്ത്യ വിശലകലനം ചെയ്ത ഇലക്ട്രോണിക് സിഗ്നേച്ചറുകളില്‍ നിന്നും പാകിസ്ഥാന്‍ എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചത് വ്യക്തമാണെന്നും ഐ.എ.എഫിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
പാകിസ്ഥാന്റെ പക്കലുള്ള എഫ്-16 യുദ്ധവിമാനങ്ങളുടെ എണ്ണമെടുത്ത് അമേരിക്ക; കുറവില്ലെന്ന് കണ്ടെത്തല്‍
പാകിസ്ഥാന്‍ സൈന്യത്തിന്റെ പക്കലുള്ള എഫ്-16 യുദ്ധവിമാനം തകര്‍ത്തു എന്ന ഇന്ത്യയുടെ അവകാശവാദത്തിന് വിരുദ്ധമായിരുന്നു അമേരിക്കയുടെ കണ്ടെത്തല്‍.
പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങള്‍ ലോക്ഹീഡ് മാര്‍ട്ടിന് ആണ് നിര്‍മിക്കുന്നത്. സംഭവത്തിന് ശേഷം തങ്ങളുടെ കൈവശമുള്ള എഫ്-16 വിമാനങ്ങളുടെ എണ്ണം നേരിട്ടു വന്നെടുക്കാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.
പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ച എ.എം.ആര്‍.എ.എ.എം മിസ്സൈലിന്റെ അവശിഷ്ടങ്ങള്‍ തെളിവായി കാണിച്ചു കൊണ്ടായിരുന്നു എഫ്-16ന്റെ ഉപയോഗം ഇന്ത്യ സ്ഥിരീകരിച്ചത്. എ.എം.ആര്‍.എ.എ.എം മിസ്സൈലുകള്‍ വഹിക്കാനുള്ള ശേഷി എഫ്-16നു മാത്രമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.