ന്യൂദല്‍ഹി: പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ടമെന്റ് നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇത് സംബന്ധിച്ച അറിയിപ്പും നല്‍കിയിരുന്നു.
വെള്ളിയാഴ്ച 10 മണി മുതലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്.
ജൂണ്‍ 14നാണ് അഗ്നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. നിരവധി പ്രതിപക്ഷ പാര്‍ട്ടികളും സൈനിക പ്രവര്‍ത്തകരും പദ്ധതിയെ അപലപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പദ്ധതിയുടെ പ്രായപരിധി 21ല്‍ നിന്ന് 23 വയസായി ഉയര്‍ത്തിയിരുന്നു. അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്നവരെ അഗ്നിവീര്‍ എന്നായിരിക്കും അറിയപ്പെടുക. സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍ വേണ്ടിയാണ് പദ്ധതിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
ജോലിയില്‍ പ്രവേശിച്ച ആദ്യ വര്‍ഷത്തില്‍ അഗ്‌നിവീറുകള്‍ക്ക് പ്രതിമാസ ശമ്പളം 30,000 രൂപയായിരിക്കും. നാല് വര്‍ഷത്തേക്കായിരിക്കും ഇവരെ റിക്രൂട്ട് ചെയ്യുക. നാലു വര്‍ഷത്തിന് ശേഷം ഇതില്‍ നിന്നും 25 ശതമാനം പേരെ മാത്രമായിരിക്കും സൈന്യത്തിലേക്ക് സ്ഥിരമായി നിയമിക്കുക. അവശേഷിക്കുന്ന 75ശതമാനം പേര്‍ക്ക് അസം റൈഫിള്‍സില്‍ 10 ശതമാനം സംവരണം, പൊലീസ് സേനയില്‍ 10 ശതമാനം സംവരണം എന്നിവ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.
രാജ്യത്തുടനീളം പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലായിരുന്നു പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
ബിഹാര്‍, ജമ്മുകശ്മീര്‍, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഗ്നിപഥിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. അഗ്‌നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ 234 ട്രെയിനുകള്‍ രാജ്യത്ത് റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.
ഇതുവരെ 300ലധികം ട്രെയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
Content Highlight: IAF started recruiting through agnipath scheme