ന്യൂദല്‍ഹി: ഇന്ത്യ ബാലാക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച തരത്തിലുള്ള 100 സ്പൈസ് 2000 ബോംബുകള്‍ വാങ്ങുന്നതിന് ഇസ്രയേലുമായി 300 കോടിയുടെ കരാറില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.ഇസ്രയേലിലെ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം എന്ന സ്ഥാപനവുമായാണ് കരാറില്‍ ഏര്‍പ്പെടുന്നതെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യമായി ഏര്‍പ്പെടുന്ന പ്രതിരോധ കരാര്‍ ആയിരിക്കും ഇതെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കുന്നു.
അടിയന്തിര പ്രാധാന്യത്തോടെയാണ് ബോംബുകള്‍ വാങ്ങുന്നതെന്നും ഈ വര്‍ഷം അവസാനത്തോടെ ആയുധങ്ങള്‍ ലഭ്യക്കുമെന്നുമാണ് കരുതുന്നത്.
ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ചത് സ്പൈസ് 2000 ബോംബുകളാണ്.
900 കിലോയോളം ഭാരംവരുന്ന ഈ ബോംബുകളുടെ സ്റ്റീല്‍ കൊണ്ടു നിര്‍മിച്ച ചട്ടയ്ക്കുള്ളില്‍ 80 കിലോയോളം സ്ഫോടക വസ്തുവാണുള്ളത്.
ഫെബ്രുവരി 14 ന് പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സി.ആര്‍.പി.എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു ഭീകരാക്രണം നടന്നത്. തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ 49 സി.ആര്‍.പി.എഫ് ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്.