| Sunday, 9th June 2019, 6:45 pm

വ്യോമസേനയുടെ മിസൈല്‍ പതിച്ച് ഹെലികോപ്ടര്‍ തകര്‍ന്നുവീണ സംഭവം: രണ്ട് ഉദ്യോഗസ്ഥര്‍ കോര്‍ട്ട് മാര്‍ഷലിനു വിധേയരായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യോമസേനയുടെ മിസൈല്‍ ലക്ഷ്യംതെറ്റി പതിച്ച് ഹെലികോപ്ടര്‍ തകര്‍ന്നുവീണ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ കാര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ നേരിടേണ്ടി വരും. ഫെബ്രുവരി 27-നു രാവിലെ ശ്രീനഗറിലായിരുന്നു ഇന്ത്യയുടെ എം.ഐ-17 വി 5 ഹെലികോപ്ടര്‍ തകര്‍ന്നുവീണത്

ബദ്ഗാമില്‍ തകര്‍ന്നുവീണ ഹെലികോപ്ടറിന് ഉള്ളിലുണ്ടായിരുന്ന ആറുപേരും മരിച്ചിരുന്നു. ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്ന് വ്യോമസേന നടപടിയെടുത്തത്.

ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെയായിരുന്നു ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഏറ്റുമുട്ടല്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം.

സംഭവത്തില്‍ വ്യോമസേനാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നു പ്രാഥമികാന്വേഷണത്തില്‍ത്തന്നെ കണ്ടെത്തിയിരുന്നു. ഹെലികോപറ്ററിന് സാങ്കേതിക തകരാറാണെന്നാണ് ആദ്യം സംശയിച്ചതെങ്കിലും ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഇസ്രായേല്‍ നിര്‍മിത സ്പൈഡര്‍ മിസൈല്‍ ആക്രമണത്തിലാണ് അപകടമുണ്ടായതെന്നു കണ്ടെത്തുകയായിരുന്നു.

അന്വേഷണം പൂര്‍ത്തിയായെന്നും എന്നാല്‍ ചില സാക്ഷികളെക്കൂടി ഇനിയും വിസ്തരിക്കാനുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിനു കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാണ് സര്‍ക്കാരും വ്യോമസേനയും തീരുമാനിച്ചിരിക്കുന്നത്. മനഃപൂര്‍വമല്ലാത്ത നരഹത്യയും ഇവര്‍ക്കെതിരേയുണ്ടാകും.

തകര്‍ന്നുവീണയുടന്‍ ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സ് ഗ്രാമീണര്‍ മോഷ്ടിച്ചതിനാലാണ് അന്വേഷണം നീണ്ടുപോയത്.

We use cookies to give you the best possible experience. Learn more