| Wednesday, 30th September 2015, 9:42 am

മൂന്നു മലയാളി അത്‌ലറ്റുകള്‍ക്ക് ഐ.എ.എഫിന്റെ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൂന്നു മലയാളി അത്‌ലറ്റുകള്‍ക്ക് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ വിലക്ക്. അനില്‍ഡ തോമസ്, അനു രാഘവന്‍, അഞ്ജു തോമസ് എന്നിവര്‍ക്കാണ് വിലക്ക്. പാട്യാലയിലെ ദേശീയ ക്യാമ്പിനു എത്താതിരുന്നതിനാലാണ് നടപടി.

ആഭ്യന്തര അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കുന്നതായി മൂന്നു താരങ്ങളെയും അറിയിക്കുകയായിരുന്നു.

ദേശീയ ക്യാമ്പില്‍ മൂന്നുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നാവശ്യപ്പെട്ട്  സെപ്റ്റംബര്‍ 24ന് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ക്യാമ്പിലേക്കെത്തിയില്ല. ഇതേത്തുടര്‍ന്നാണ് താരങ്ങളെ മത്സരങ്ങളില്‍ നിന്നും വിലക്കിയത്.

ദേശീയ ക്യാമ്പിലേക്കുള്ള അത്‌ലറ്റുകളുടെ പട്ടികയില്‍ നിന്നും ഇവരെ ഒഴിവാക്കി. “നിങ്ങള്‍ ഇതുവരെ ക്യാമ്പില്‍ റിപ്പോര്‍ട്ടുചെയ്യാത്ത സാഹചര്യത്തില്‍ ദേശീയ ക്യാമ്പില്‍ നിന്നൊഴിവാക്കുന്നു. നിങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ ആരംഭിക്കുന്നതായിരിക്കും.” എന്നാണ് കഴിഞ്ഞദിവസം ഐ.എ.എഫ് ഇവര്‍ക്കയച്ച സന്ദേശം.

ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ താരങ്ങളാണ് അനില്‍ഡയും അനുവും. കേരള സര്‍ക്കാറിന്റെ എലൈറ്റ് സ്‌കീമിന്റെ കീഴില്‍ തിരുവനന്തപുരത്തെ സായ് സെന്ററിലാണ് അനില്‍ഡയും അനുവും പരീശീലനം തേടുന്നത്. കേരള പോലീസ് ജീവനക്കാരിയാണ് അഞ്ജു.

കാരണം കാണിക്കല്‍ നോട്ടീസിനു മറുപടിയായി പഠനകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനില്‍ഡയും അനുവും ക്യാമ്പില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുവരും അവസാന വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളാണ്. പരീക്ഷയടുത്തിരിക്കുന്നതിനാല്‍ ക്യാമ്പില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

എന്നാല്‍ സര്‍ക്കാര്‍ ഇവരുടെ പരിശീലനത്തിനായി പണം ചിലവഴിക്കുന്നുണ്ടെന്നും അതിനാല്‍ പരിശീലനത്തില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ലെന്നുമാണ് അത്‌ലറ്റിക് ഫെഡറേഷന്‍ നല്‍കുന്ന വിശദീകരണം.

അതിനിടെ, താരങ്ങള്‍ക്ക് ഉത്തേജകമരുന്ന് നല്‍കിയെന്ന ആരോപണം നേരിടുന്ന വിദേശ കോച്ച് യൂരി ഒഗോറോഡ്‌നിക്കിനു കീഴില്‍ പാട്യാലയില്‍ പരിശീലിക്കാന്‍ പല താരങ്ങള്‍ക്കും അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ട്.

We use cookies to give you the best possible experience. Learn more