| Thursday, 18th April 2019, 10:56 am

ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ ബി.ജെ.പി നിയന്ത്രണത്തിലാണെന്ന് കനിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവരുടെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുടെ നിയന്ത്രണത്തിലാണെന്ന് ഡി.എം.കെ നേതാവ് കനിമൊഴി. ഈ തെരഞ്ഞെടുപ്പ് ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാനുള്ളതാണെന്നും കനിമൊഴി പറഞ്ഞു.

‘ഈ റെയ്ഡുകള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല. ജനങ്ങള്‍ക്ക് എ.ഐ.എ.ഡി.എം.കെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.’ കനിമൊഴി പറഞ്ഞു.

പ്രതിപക്ഷത്തെ വേട്ടയാടുകയെന്ന ലക്ഷ്യമാണ് ഐ.ടി റെയ്ഡുകള്‍ക്ക് പിന്നിലെന്നും കനിമൊഴി ആരോപിച്ചു. ‘രാജ്യം മുഴുവനുമുള്ള പ്രതിപക്ഷ കക്ഷികളെ റെയ്ഡുകള്‍ നടത്തി ദ്രോഹിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ മാത്രമാണ് ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താത്തത് ദൗര്‍ഭാഗ്യകരമാണ്. ഇത് ടാര്‍ഗറ്റ് ചെയ്തുള്ള റെയ്ഡുകളാണ്.’ എന്നാണ് കനിമൊഴി പറഞ്ഞത്.

തൂത്തുക്കുടിയില്‍ നിന്നുള്ള ഡി.എം.കെ സ്ഥാനാര്‍ത്ഥിയാണ് കനിമൊഴി. ചെന്നൈയിലെ അല്‍വാര്‍പേട്ടില്‍ വോട്ടു ചെയ്യാനെത്തിയ കനിമൊഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ലോക്സഭയിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്. തമിഴ്നാട്ടിലെ ആകെയുള്ള 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്. അതോടൊപ്പം സംസ്ഥാനത്തെ 18 നിയമസഭ സീറ്റിലേക്കുള്ള വോട്ടെടുപ്പും തുടങ്ങി.

കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാര്‍ (അഞ്ച്), ഒഡിഷ (അഞ്ച്), പശ്ചിമബംഗാള്‍ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീര്‍ (രണ്ട്), മണിപ്പൂര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

തമിഴ്നാട്ടിലെ വെല്ലൂരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാല്‍ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും മാത്രമാണ് വോട്ടെടുപ്പ് നടക്കുക. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more