ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവരുടെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുടെ നിയന്ത്രണത്തിലാണെന്ന് ഡി.എം.കെ നേതാവ് കനിമൊഴി. ഈ തെരഞ്ഞെടുപ്പ് ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാനുള്ളതാണെന്നും കനിമൊഴി പറഞ്ഞു.
‘ഈ റെയ്ഡുകള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല. ജനങ്ങള്‍ക്ക് എ.ഐ.എ.ഡി.എം.കെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.’ കനിമൊഴി പറഞ്ഞു.
പ്രതിപക്ഷത്തെ വേട്ടയാടുകയെന്ന ലക്ഷ്യമാണ് ഐ.ടി റെയ്ഡുകള്‍ക്ക് പിന്നിലെന്നും കനിമൊഴി ആരോപിച്ചു. ‘രാജ്യം മുഴുവനുമുള്ള പ്രതിപക്ഷ കക്ഷികളെ റെയ്ഡുകള്‍ നടത്തി ദ്രോഹിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ മാത്രമാണ് ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താത്തത് ദൗര്‍ഭാഗ്യകരമാണ്. ഇത് ടാര്‍ഗറ്റ് ചെയ്തുള്ള റെയ്ഡുകളാണ്.’ എന്നാണ് കനിമൊഴി പറഞ്ഞത്.
തൂത്തുക്കുടിയില്‍ നിന്നുള്ള ഡി.എം.കെ സ്ഥാനാര്‍ത്ഥിയാണ് കനിമൊഴി. ചെന്നൈയിലെ അല്‍വാര്‍പേട്ടില്‍ വോട്ടു ചെയ്യാനെത്തിയ കനിമൊഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.