ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദത്തിന് തെളിവുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). കൊല്‍ക്കത്തയില്‍ നിന്ന് കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും അധികൃതര്‍ പറയുന്നു.
അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്തവരേയും അറസ്റ്റിലായവരേയും ദല്‍ഹി എന്‍.ഐ.എ ആസ്ഥാനത്ത് ചോദ്യം ചെയ്തു. എന്‍.ഐ.എ ഡി.ജിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. എന്‍.ഐ.എയുടെ ആരോപണങ്ങളെല്ലാം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നിഷേധിച്ചിരിക്കുകയാണ്.
ആഭ്യന്തര മന്ത്രാലയത്തിന് എന്‍.ഐ.എ പുതിയ റിപ്പോര്‍ട്ട് നല്‍കും. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുള്ള നിര്‍ദേശം അതില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമായിരുന്നു രാജ്യ വ്യാപകമായി എന്‍.ഐ.എയുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യത്താകെയുള്ള ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്. ഇവരുടെ പക്കല്‍ നിന്നും രേഖകള്‍ പിടിച്ചെടുക്കയും ദേശീയ സംസ്ഥാന നേതാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നുവെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്നും കാണിച്ചാണ് റെയ്ഡ്. പ്രവര്‍ത്തകര്‍ക്ക് വേണ്ടി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചതും നടപടിക്ക് കാരണമായി എന്‍.ഐ.എ ചൂണ്ടിക്കാണിക്കുന്നു
എന്‍.ഐ.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് നിലവില്‍ രാജ്യത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം നടക്കുന്ന റെയ്ഡില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെയാണ് റെയ്ഡ് നടന്നതെന്ന ആരോപണങ്ങളും ഇതിന് പിന്നാലെ ഉയരുന്നുണ്ട്. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. എന്‍.ഐ.എയും ഇ.ഡിയും ചേര്‍ന്നാണ് റെയ്ഡുകള്‍ നടത്തിവരുന്നത്. പതിമൂന്ന് സംസ്ഥാനത്താണ് റെയ്ഡ് നടക്കുന്നത്. രാജ്യത്തുടനീളമായി നൂറിലേറെ പേരാണ് കസ്റ്റഡിയിലുള്ളത്.
കേരളം, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ദല്‍ഹി, അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്.