ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനം ബുധനാഴ്ച നടക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ മൂന്നാമത്തെ മത്സരത്തിലും വിജയിച്ച് വെസ്റ്റ് ഇന്‍ഡീസിനെ വൈറ്റ് വാഷ് ചെയ്യാനാണ് ഒരുങ്ങുന്നത്.
ഓവലില്‍ വെച്ചുതന്നെയാണ് മത്സരം.
മൂന്നാം ഏകദിനത്തിന് മുമ്പായി പ്ലെയിങ് ഇലവനെ കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും സാധ്യതയും പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിന്റെ മകനും ക്രിക്കറ്റ് താരവുമായ രോഹന്‍ ഗവാസ്‌കര്‍.
പ്ലെയിങ് ഇലവനില്‍ ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തണമെന്നാണ് രോഹന്‍ ഗവാസ്‌കര്‍ പറയുന്നത്. ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും എന്നാല്‍ അതിനായി സഞ്ജു സാംസണെ ഒഴിവാക്കരുതെന്നുമാണ് രോഹന്‍ പറയുന്നത്.
സ്‌പോര്‍ട്‌സ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു രോഹന്‍ ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് തോന്നുന്നത് അവന് അവസരം ലഭിക്കുമെന്ന് തന്നെയാണ്. സഞ്ജു സാംസണ്‍ ടീമില്‍ നിന്നും പുറത്താവണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നുമില്ല. അതിനുള്ള കാരണവും ഞാന്‍ തന്നെ പറയാം. എല്ലാവരും സഞ്ജുവിന്റെ കഴിവിനെ കുറിച്ചാണ് പറയുന്നത്.
ആളുകളുടെ പ്രധാന വിമര്‍ശനമെന്തെന്നാല്‍ സഞ്ജുവിന് സ്ഥിരതയില്ലെന്നാണ്. ഏറ്റവുമടുത്ത മത്സരത്തില്‍ അവന്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. റണ്‍സ് നേടുമ്പോഴും അവനെ ടീമില്‍ നിന്നും പുറത്താക്കിയാല്‍ അവനെന്തായിരിക്കും ചിന്തിക്കുക.
രാഹുല്‍ ദ്രാവിഡ് ഇന്ത്യ എയുടെ കോച്ചായിരുന്നപ്പോള്‍ കാര്യങ്ങള്‍ എപ്പോഴും മിക്‌സ് അപ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ആളാണ്,’ രോഹന്‍ പറയുന്നു.
കഴിഞ്ഞ മത്സരത്തില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റിങ്ങിന് പുറമെ വിക്കറ്റ് കീപ്പിങ്ങിലും താരം തിളങ്ങിയിരുന്നു. ഏകദിനത്തിലെ കന്നി അര്‍ധസെഞ്ച്വറിയും കഴിഞ്ഞ മത്സരത്തില്‍ നിന്നുമായിരുന്നു സഞ്ജു നേടിയത്.
കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ അതേ ഇലവനെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യത. എന്നാല്‍ പരമ്പര സ്വന്തമാക്കിയെന്നിരിക്കെ പരീക്ഷണത്തിന് മുതിരാനും സാധ്യതയുണ്ട്.