|

'പൊലീസ് വര്‍ഗീയതയ്ക്ക് കൂട്ട് നിന്നു'; ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തത് കൃത്യവിലോപം; രൂക്ഷ വിമര്‍ശനവുമായി മുന്‍ ദല്‍ഹി പൊലീസ് മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തലസ്ഥാനത്തെ കലാപത്തില്‍ പൊലീസ് വീഴ്ച്ച ചര്‍ച്ചയാകുന്ന സമയത്ത് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി പൊലീസ് മുന്‍ മേധാവി അജയ് ശര്‍മ്മ. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തതിലാണ് അജയ് ശര്‍മ വിമര്‍ശനം ഉന്നയിച്ചത്. ദ വയറിനു നല്‍കിയ അഭിമുഖത്തിലാണ് അജയ് മിശ്ര പൊലീസിനെതിരെ തുറന്നടിച്ചത്.

പൊലീസ് തലപ്പത്ത് താനായിരുന്നെങ്കില്‍ അനുരാഗ് ഠാക്കൂറിനെയും പര്‍വേശ് വെര്‍മയേയും കപില്‍ മിശ്രയേയും അറസ്റ്റ് ചെയ്യുമായിരുന്നെന്ന് അജയ് ശര്‍മ്മ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”ദല്‍ഹി പൊലീസിനു മുന്നില്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പൊലീസ് ദയനീയമായി പാരജയപ്പെടുകയായിരുന്നു. വര്‍ഗീയതയ്ക്ക് പൊലീസ് കൂട്ടു നില്‍ക്കുന്നതില്‍ ആശങ്കയുണ്ട്”. അജയ് ശര്‍മ്മ പറഞ്ഞു.

പൊലീസ് കലാപസമയത്ത് നിഷ്‌ക്രിയ നിലപാടാണ് സ്വീകരിച്ചതെന്നത് സമൂഹ മാധ്യമങ്ങളില്‍ നിന്നും വ്യക്തമാണെന്നും ദ വയറിനും നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

”ദല്‍ഹിയിലെ സംഘര്‍ഷാവസ്ഥ ഒരു കലാപമായി മാറ്റിയതില്‍ പൊലീസിന് നിര്‍ണായക പങ്കുണ്ട്. പൊലീസ് വിചാരിച്ചിരുന്നെങ്കില്‍ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നു”. അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി വടക്ക് കിഴക്കന്‍ മേഖല ഡി.സി.പി വേദ് പ്രകാശ് സൂര്യയ്‌ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കപില്‍ മിശ്ര വിദ്വേഷ പ്രസംഗം നടത്തുന്ന സമയത്ത് നോക്കി നില്‍ക്കുകയായിരുന്നു വേദ് പ്രകാശ് എന്നാണ് അദ്ദേഹം പറഞ്ഞത്. വീഴ്ച്ച വരുത്തിയ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.