നെയ്മറെ ഞാനിങ്ങെടുക്കുവാ; നെയ്മർ റയലിൽ കളിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ക്ലബ്ബിലെ സൂപ്പർ താരം
football news
നെയ്മറെ ഞാനിങ്ങെടുക്കുവാ; നെയ്മർ റയലിൽ കളിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ക്ലബ്ബിലെ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th March 2023, 3:59 pm

ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറിയ നെയ്മർക്ക് എന്നാൽ ലോകകപ്പിന് ശേഷം തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് ലീഗ് വണ്ണിൽ ലോസ്ക് ലില്ലിക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റതോടെ മൈതാനത്ത് നിന്നും പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർ താരത്തിന്.

നെയ്മർ റയൽ മാഡ്രിഡിൽ കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബ്രസീൽ രാജ്യാന്തര ടീമിലെ നെയ്മറുടെ സഹതാരമായ റോഡ്രിഗോ. റയൽ മാഡ്രിഡ്‌ ക്ലബ്ബിന്റെ ഫസ്റ്റ് സ്‌ക്വാഡിലെ ഒഴിവാക്കാൻ കഴിയാത്ത സാന്നിധ്യമായ റോഡ്രിഗോ വേഗത കൊണ്ടും സ്കില്ല് കൊണ്ടും തന്റെ പ്രതിഭ തെളിയിച്ച താരമാണ്.

“എനിക്ക് നെയ്മർ റയലിൽ കളിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ഞാൻ ഞങ്ങളുടെ കോച്ചിനോടും ഇതിനെപ്പറ്റി പറയാറുണ്ട്. പക്ഷെ എന്നോട് ശാന്തനാവാനാണ് അദ്ദേഹം എപ്പോഴും പറയുക,’ ക്ലബ്ബ് ഡെൽ ഡിപോർട്ടസീവക്ക് നൽകിയ അഭിമുഖത്തിൽ റോഡ്രിഗോ പറഞ്ഞതായി മാർക്ക റിപ്പോട്ട് ചെയ്തു.

“എനിക്ക് കോച്ച് ആൻസലോട്ടിയോട് വലിയ ബഹുമാനമുണ്ട്. കാരണം അദ്ദേഹത്തിന്റെ പക്കൽ മികച്ച താരങ്ങൾ ഉണ്ട്. പക്ഷെ എനിക്ക് എന്റെ ഇഷ്ടതാരങ്ങളും ക്ലബ്ബിൽ കളിക്കണമെന്ന് ആഗ്രഹമുണ്ട്,’ റോഡ്രിഗോ കൂട്ടിച്ചേർത്തു.

കൂടാതെ അറ്റാക്കിങ്ങിലെ ഏത് പൊസിഷനിൽ വേണമെങ്കിലും തനിക്ക് കളിക്കാൻ സാധിക്കുമെന്നും എന്നാൽ പ്ലേ മേക്കറുടെ റോളാണ് തനിക്ക് ഏറ്റവും അനുയോജ്യം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തുടർ പരിക്കുകളും ആവർത്തിക്കുന്ന ഫോമില്ലായ്മയും പി. എസ്.ജി നെയ്മറെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോട്ടുകളുണ്ട്.

ക്ലബ്ബിന്റെ സാമ്പത്തിക ചെലവുകൾ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായും സ്‌ക്വാഡിനെ മാനേജ് ചെയ്യുന്നതിന്റെ ഭാഗമായും ചില സൂപ്പർ താരങ്ങളെ പാരിസ് ക്ലബ്ബ് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.

ലീഗ് വണ്ണിൽ നിലവിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ് പി.എസ്.ജി.

25 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളുമായി 56 പോയിന്റോടെ ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്‌.

Content Highlights:I would sign Neymar for Real Madrid said Rodrygo