| Thursday, 2nd May 2019, 4:26 pm

'ബി.ജെ.പിയെ സഹായിക്കുന്നതിലും ഭേദം ഞാൻ മരിക്കുന്നതാണ്': പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ് ബറേലി: ബി.ജെ.പിയെ ഏതെങ്കിലും വിധേന സഹായിക്കുന്നതിലും ഭേദം താൻ മരിക്കുന്നതാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ പ്രചാരണം എസ്.പിയെയും ബി.എസ്.പിയെയും എതിർത്തുകൊണ്ട് ബി.ജെ.പിയെ സഹായിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. ഉത്തർ പ്രദേശിൽ ‘ബി.ജെ.പിയുടെ വോട്ടുകൾ ഭിന്നിപ്പിക്കാനായി ദുർബല സ്ഥാനാർത്ഥികളെ ഉപയോഗിക്കും’ എന്ന പ്രിയങ്കയുടെ പ്രസ്താവന വിവാദമായിരുന്നു.

പ്രിയങ്കയുടെ ഈ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും, ബഹുജൻ സമാജ് പാർട്ടി നേതാവായ മായാവതിയും രംഗത്ത് വന്നിരുന്നു. തന്റെ അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു പ്രിയങ്ക ഗാന്ധി.

‘ഇങ്ങനെ വിനാശകരമായ ഒരു പ്രത്യയശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന ഒരു പാർട്ടിയുമായി ഒരു രീതിയിലും ഞാൻ സന്ധി ചെയ്യില്ല, ജീവിതത്തിൽ ഒരിക്കലും ചെയ്യില്ല. ഉത്തർ പ്രദേശിൽ കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുക കോൺഗ്രസായിരിക്കും. മറ്റാർക്കും അത് സാധിക്കില്ല. എനിക്ക് ഇക്കാര്യത്തെക്കുറിച്ച് നല്ല വ്യക്തത ഉണ്ട്.’ പ്രിയങ്ക പറഞ്ഞു.

ഉത്തർ പ്രദേശിലെ 41 ലോക് സഭാ മണ്ഡലങ്ങളിലെ പ്രചാരണത്തിന്റെ ഉത്തരവാദിത്തം പ്രിയങ്ക ഗാന്ധിയെയാണ് കോൺഗ്രസ് ഏൽപ്പിച്ചിരിക്കുന്നത്. രണ്ട് മാസം മുൻപാണ് പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

‘ഞാൻ നിങ്ങളോടു പറഞ്ഞു കഴിഞ്ഞു. ആത്മഹത്യ ചെയ്താലും ഞാൻ അവരെ സഹായിക്കില്ല. ഇതിൽ കൂടുതൽ എന്താണ് ഞാൻ പറയേണ്ടത്?’ കോൺഗ്രസ് ഉത്തർ പ്രദേശിൽ ബി.ജെ.പിയുടെ സഹായിക്കുകയാണ് എന്ന ബി.എസ്.പി. അധ്യക്ഷ മായാവതിയുടെ ആരോപണത്തോട് പ്രിയങ്ക ഇങ്ങനെ പ്രതികരിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് തങ്ങൾക്ക് ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ബി.ജെ.പി. വോട്ടുകൾ ഭിന്നിപ്പിക്കും എന്ന പ്രസ്താവന പ്രിയങ്ക നടത്തുന്നത്.

‘കോൺഗ്രസ് സ്ഥാനാർത്ഥികൾ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നതെന്നു പകൽ പോലെ വ്യക്തമാണ്. എവിടെയെല്ലാം അവർ ശക്തരാണോ അവിടെയെല്ലാം അവർ വിജയിക്കും. അവർ ശക്തരല്ലാത്ത ഇടങ്ങളിൽ ബി.ജെ.പിയുടെ വോട്ടുകൾ ഭിന്നിപ്പിക്കാനാവും അവർ ശ്രമിക്കുക.’ പ്രിയങ്ക പറഞ്ഞിരുന്നു.

പ്രിയങ്കയുടെ പ്രസ്താവനകൾക്കെതിരെ എസ്.പിയും ബി.എസ്.പിയും ഉടൻ തന്നെ രംഗത്ത് വന്നു. ‘കോൺഗ്രസ് ദുർബലരായ സ്ഥാനാർത്ഥികളെ എവിടെയും നിർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു പാർട്ടിയും അങ്ങനെ ചെയ്യാറില്ല. ജനങ്ങൾ അവർക്കൊപ്പം ഇല്ല. അതുകൊണ്ടാണ് അവർ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്.’ അഖിലേഷ് യാദവ് പറഞ്ഞു.

എന്നാൽ മായാവതി അൽപ്പം കൂടി രൂക്ഷമായാണ് പ്രിയങ്കയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ചത്. ‘ബി.ജെ.പിയും കോൺഗ്രസും ഒന്ന് തന്നെയാണ്. കോൺഗ്രസിന് വോട്ടു ചെയ്ത നിങ്ങളുടെ വോട്ടുകൾ പാഴാക്കരുത്. രാഹുൽ ഗാന്ധിക്ക് പക്വത ഇല്ലേ? പ്രധാനമന്ത്രിയെ അദ്ദേഹം ആശ്ലേഷിച്ചത് എന്തിനാണ്?’. മായാവതി ചോദിച്ചു.

We use cookies to give you the best possible experience. Learn more