ബംഗളൂരു: താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തെ ബുദ്ധിജീവികളെയെല്ലാം വെടിവച്ചു കൊല്ലാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയേനെ എന്ന് കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ്. വിജയപുരയില്‍ നിന്നുള്ള എം.എല്‍.എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാലിന്റെ വിവാദ പരാമര്‍ശമാണ് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കുന്നത്.
ഉല്‍പതിഷ്ണുക്കളും ബുദ്ധിജീവികളും രാജ്യദ്രോഹികളാണെന്നും യത്‌നാല്‍ പറയുന്നുണ്ട്. “ഇവരെല്ലാം ജീവിക്കുന്നത് ഇതേ രാജ്യത്തുതന്നെയാണ്. നമ്മുടെയെല്ലാം നികുതിപ്പണം കൊണ്ടുണ്ടാക്കുന്ന സുഖസൗകര്യങ്ങളാണ് അവരും ഉപയോഗിക്കുന്നത്.”
“എന്നിട്ടും അവര്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തുന്നു. രാജ്യം ഏറ്റവുമധികം അപകടങ്ങള്‍ നേരിടുന്നത് ഈ മതനിരപേക്ഷവാദികളില്‍ നിന്നും ബുദ്ധിജീവികളില്‍ നിന്നുമാണ്.” കാര്‍ഗില്‍ ദിവസുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സംബന്ധിച്ച് സംസാരിക്കവേ യത്‌നാല്‍ പറഞ്ഞു.
Also Read: മോദി ചായ വിറ്റു നടന്ന ആളായിരുന്നു, പ്രചോദനമാകുന്ന അതിജീവനത്തിന്റെ കഥയാണ് ഹനാന്‍റേതും: കണ്ണന്താനം
മുസ് ലിങ്ങളെ ഒരു തരത്തിലും സഹായിക്കരുതെന്ന് പ്രാദേശികപ്പാര്‍ട്ടിയുടെ മുനിസിപ്പല്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഇതിനു മുന്‍പും യത്‌നാല്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.
1994-99 കാലഘട്ടത്തില്‍ ബി.ജെ.പി എം.എല്‍.എ ആയിരുന്നു യത്‌നാല്‍. 1999-2009ല്‍ ബിജാപ്പൂരില്‍ നിന്നും പാര്‍ലമെന്റിലെത്തിയിട്ടുമുണ്ട്. വാജ്‌പേയിയുടെ ഭരണകാലത്ത് സംസ്ഥാനചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. ശേഷം 2010ല്‍ ബി.ജെ.പി വിട്ട് ജനതാദളിനൊപ്പം ചേര്‍ന്ന യത്‌നാല്‍ 2013ല്‍ വീണ്ടു പാര്‍ട്ടിയില്‍ തിരികെയെത്തുകയായിരുന്നു.