| Monday, 16th April 2018, 1:04 am

കഠ്‌വ പെണ്‍കുട്ടിക്ക് നീതി കിട്ടാതെ ഞാന്‍ ഒരു ക്ഷേത്രത്തിലും ഇനി കടക്കില്ല; കുട്ടികളുടെ നിലവിളിയാണ് ക്ഷേത്രത്തിന്റെ പടി ചവിട്ടുമ്പോള്‍ കേള്‍ക്കുകയെന്നും ജെ. ദേവിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കത്വയില്‍ മുസ്‌ലിം ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍.എസ്.എസിനെതിരെ കടുത്ത നിലപാടുമായി സാമൂഹ്യപ്രവര്‍ത്തകയായ ജെ. ദേവിക. കഠ്‌വ പെണ്‍കുട്ടിയ്ക്ക് നീതി കിട്ടാതെ ഇനി താന്‍ ഇനി ഒരു ക്ഷേത്രത്തിലും കടക്കില്ലെന്നും ക്ഷേത്രത്തിന്റെ പടി ചവിട്ടുമ്പോള്‍ പെണ്‍കുട്ടികളുടെ നിലവിളിയാണ് കേള്‍ക്കുകയെന്നും ദേവിക പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസില്‍ നടത്തിയ ചര്‍ച്ചയിലാണ് ദേവിക തന്റെ നിലപാട് വ്യക്തമാക്കിയത്.

ജമ്മുവില്‍ നടന്ന വിഷയത്തെക്കുറിച്ച് ഇങ്ങ് തെക്കേ അറ്റത്തുള്ള നമ്മള്‍ ദുഃഖിക്കേണ്ടെന്ന് പറയുന്നത് തെറ്റാണ്. കേരളത്തില്‍ ഇന്ന് സംഘപരിവാറിന്റെ പിടിയിലായ ചെറുപ്പക്കാരെക്കുറിച്ചും ആണ്‍കുട്ടികളെക്കുറിച്ചുമാണ് എന്റെ വലിയ ആശങ്ക. ആര്‍.എസ്.എസ് കുടുംബം എന്ന് വിശേഷിപ്പിക്കുന്ന കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്നതില്‍ തര്‍ക്കമൊന്നുമില്ല. അവിടുത്തെ കുട്ടികളെ ശാഖയിലേക്ക് പറഞ്ഞയക്കുകയും വെറുപ്പിന്റെ പ്രത്യയശാസ്ത്രം അവരിലേക്ക് കുത്തിനിറയ്ക്കുകയും ചെയ്യുന്നുണ്ട്. അവര്‍ പറഞ്ഞു.


Read | കത്വയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും


ഈ കുട്ടികളില്‍ എത്ര വസ്തുതകള്‍ വച്ച് മനസിലാക്കിക്കാന്‍ ശ്രമിച്ചാലും അവര്‍ക്ക് മനസിലാവില്ല. ഞങ്ങള്‍ക്കത് നേരിട്ട് അനുഭവമുള്ള കാര്യമാണ്. വസ്തുതകള്‍ പരിഗണിക്കേണ്ട കാര്യമില്ലാതെ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിക്കുന്ന മനുഷ്യബുദ്ധി നഷ്ടപ്പെട്ട യന്ത്രങ്ങളെ പടച്ചുവിടുന്നുണ്ട് ആര്‍.എസ്.എസ്.

നാളെ തൊട്ടപ്പുറത്തുള്ള സ്ഥലം ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ വിലക്കുവാങ്ങിയാല്‍ അവരെ ഓടിക്കാന്‍ ഇതുപോലുള്ള ഒരു ഹീന തന്ത്രം അവര്‍ കേരളത്തിലും മെനയില്ല എന്ന് എന്താണുറപ്പ്. ദേവിക ചോദിച്ചു.


Read | രാജ്യവ്യാപക ‘സേവ് ദി കോണ്‍സ്റ്റിറ്റ്യൂഷന്‍’ കാംപെയിനിന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി


വിഷ്ണു നന്ദകുമാര്‍ എന്ന ചെറുപ്പക്കാരന്‍ വളര്‍ന്നത് ആര്‍.എസ്.എസ് കുടുംബത്തിലാണ്. അതിന്റെ സംസ്‌കാരമാണ് അയാള്‍ കാണിച്ചത്. ഇത് പോലെ ചിന്തിക്കുന്ന എത്രയോ പേരെ എനിക്കറിയാം. നമ്മുടെ കുടുംബത്തിലോ കൂട്ടുകാരുടെ ഇടയിലോ നാട്ടിലോ ഇത് പോലെ ചിന്തിക്കുന്ന എത്രയോ പേരുണ്ട്. പുറത്ത് കാണിച്ചില്ലെങ്കിലും അവര്‍ ആര്‍.എസ്.എസുകാരാണ്.

ഇങ്ങനെയുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാനും ഒറ്റപ്പെടുത്തുവാനും നമ്മള്‍ തയ്യാറായില്ലെങ്കില്‍ ഈ വിഷം കൂടുതല്‍ കൂടുല്‍ വ്യാപിക്കും. ഈ കേസില്‍ കഠ്‌വ പെണ്‍കുട്ടിയ്ക്ക് നീതി കിട്ടാതെ ഇനി താന്‍ ഇനി ഒരു ക്ഷേത്രത്തിലും കടക്കില്ല. ക്ഷേത്രത്തിന്റെ പടി ചവിട്ടുമ്പോള്‍ പെണ്‍കുട്ടികളുടെ നിലവിളിയാണ് കേള്‍ക്കുന്നത്. പഴയ പോലെ കടന്നു ചെല്ലാനാവുന്ന ഇടമായി അത് എനിക്ക് തോന്നുന്നില്ല. അവരുടെ സങ്കേതങ്ങള്‍ പോലെയാണ് ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ദേവിക വ്യക്തമാക്കി.


Read | സിറിയക്കെതിരെ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ അമേരിക്കയുടെ നേതൃത്വത്തെ പ്രശംസിച്ച് നേതെന്യാഹു


രൗദ്ര ഹനുമാന്റെ ഫോട്ടോ പതിച്ച ഓട്ടോറിക്ഷകളിലും കയറാന്‍ തയ്യാറല്ലെന്നും തീവ്രഹിന്ദുത്വത്തിന്റെ ചിഹ്നങ്ങള്‍ പേറി നടക്കുന്ന ഒരുത്തനോടും ഇടപെടില്ലെന്നും ഒരു സ്ഥാപനത്തിലും പത്ത് പൈസയുടെ ലാഭം ഉണ്ടാക്കി നല്‍കാനും തയ്യാറല്ലെന്നും അവര്‍ പറഞ്ഞു. വിഷ്ണു നന്ദകുമാറിന്റെ മനസ്ഥിതിയുള്ള ആരെങ്കിലും തന്റെ കുടുംബത്തിലുണ്ടെങ്കില്‍ അവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന അറിയിപ്പായി ഈ സംസാരത്തെ കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.

“എന്ത് ധൈര്യത്തിലാണ് നിങ്ങളെ വീട്ടില്‍ കയറ്റുക. അഭിപ്രായ വ്യത്യാസമുള്ളവരോട് എന്തും ചെയ്യുമവര്‍.” – അവര്‍ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി പ്രതിനിധിയെ “ബഹുമാനപ്പെട്ട” എന്ന് വിശേഷിപ്പിക്കാന്‍ തനിക്കാവില്ലെന്നും വെറുപ്പിനെ ന്യായീകരിക്കുന്നവര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നവനെ പോലെ തന്നെ നിന്ദ്യനാണെന്നും അവര്‍ വ്യക്തമാക്കി.

10000000_1833070960058158_7714417053582491648_n from Jadeer T.K on Vimeo.

We use cookies to give you the best possible experience. Learn more