| Wednesday, 2nd November 2022, 12:10 pm

ആ ദിവസം എന്നാണെന്ന് കൂടിയേ അറിയാന്‍ ഉള്ളൂ, മറ്റെങ്ങും പോകേണ്ട, എനിക്കിവിടെ വിരമിച്ചാല്‍ മതി; അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണിൽ മികച്ച പ്രകടനമാണ് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് പുറത്തെടുക്കുന്നത്. റയലിന്റെ മുൻനിര താരങ്ങളിൽ പ്രധാനിയായ ടോണി ക്രൂസാകട്ടെ മിന്നുന്ന പ്രകടനമാണ് ലീഗ് മത്സരങ്ങളിൽ കാഴ്ചവെക്കുന്നത്.

എന്നാൽ 2023ൽ ക്ലബ്ബുമായുള്ള ക്രൂസിന്റെ കരാർ അവസാനിക്കാനിക്കുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമാവുന്നത്.

32കാരനായ താരം റയലിൽ നിന്ന് വിരമിച്ചയുടൻ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ള റിപ്പോർട്ടായിരുന്നു പ്രചരിച്ചിരുന്നത്.

എന്നാലിപ്പോൾ അഭ്യൂഹങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ജർമ്മൻ സൂപ്പർതാരം ടോണി ക്രൂസ്. വിരമിക്കുന്നത് എന്നാണെങ്കിലും അത് റയൽ മാഡ്രിഡിൽ വെച്ചായിരിക്കുമെന്നും മറ്റൊരു ക്ലബ്ബിലേക്കും പോകാൻ താതപര്യപ്പെടുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”ഞാനിവിടെ സന്തുഷ്ടനാണ്. ശാരീരികവും മാനസികവുമായ എന്റെ ആരോഗ്യവും മെച്ചപ്പെട്ട നിലയിലാണ്.

എന്റെ സൈനിങ്ങുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് കണ്ടു. അതെല്ലാം വ്യാജമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുകയാണ്.

എന്തെന്നാൽ, റയൽ മാഡ്രിഡ് വിട്ട് ഞാൻ മറ്റെങ്ങും പോകുന്നില്ല. അത് ഞാൻ മുമ്പും പറഞ്ഞിട്ടുള്ളതാണ്. ഇവിടെ വെച്ചാണ് ഞാൻ വിരമിക്കുക.

ആ ദിവസമെന്നാണെന്ന് മാത്രമേ എനിക്ക് നിശ്ചയമില്ലാത്തതായുള്ളൂ. അതല്ലാതെ റയൽ വിട്ട് മറ്റൊരു ക്ലബ്ബിലേക്കും പോകില്ലെന്ന് ഞാൻ ഉറപ്പിച്ചതാണ്.

എനിക്കും ക്ലബ്ബിനുമിടയിൽ ഒരു ആത്മബന്ധമുണ്ട്. അത് വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അതൊരിക്കലും മാറാൻ പോകുന്നില്ല.

ജനുവരി, ഫെബ്രുവരി, മാർച്ചൊക്കെയുണ്ടല്ലോ, നമുക്ക് സംസാരിക്കാം. കാര്യങ്ങൾ എന്തായാലും സുഗമമായേ വരൂ, അതുറപ്പാണ്,’ ക്രൂസ് വ്യക്തമാക്കി.

ഞായറാഴ്ച ജിറോണയുമായുള്ള മാഡ്രിഡിന്റെ 1-1 സമനിലയിൽ കരിയറിൽ ആദ്യമായി ക്രൂസ് ചുവപ്പ് കാർഡ് കണ്ടിരുന്നു.

2014-ൽ ബയേൺ മ്യൂണിക്കിൽ നിന്ന് റയൽ മാഡ്രിഡിലെത്തിയ താരം ലോസ് ബ്ലാങ്കോസിനൊപ്പം അഞ്ച് തവണ ചാമ്പ്യൻസ് ലീഗ്, ജർമ്മൻ ഭീമന്മാർക്കൊപ്പം മൂന്ന് സ്പാനിഷ്, മൂന്ന് ജർമ്മൻ ലീഗ് കിരീടങ്ങൾക്കൊപ്പം 2014 ലെ ദേശീയ ടീമിനൊപ്പം ലോകകപ്പും അദ്ദേഹം നേടിയിട്ടുണ്ട്.

Content Highlights: I won’t leave anywhere, I will retire from Real Madrid only, says Tony Kroos

We use cookies to give you the best possible experience. Learn more