'തോറ്റ് തിരിച്ചുപോകേണ്ടി വന്നാല്‍ പോകുന്നത് ഞാന്‍ ഒറ്റയ്ക്കായിരിക്കില്ല'; തോല്‍വിയ്ക്കു പിന്നാലെ ടീം അംഗങ്ങളോട് രോഷാകുലനായി സര്‍ഫാസ് അഹമ്മദ്
ICC WORLD CUP 2019
'തോറ്റ് തിരിച്ചുപോകേണ്ടി വന്നാല്‍ പോകുന്നത് ഞാന്‍ ഒറ്റയ്ക്കായിരിക്കില്ല'; തോല്‍വിയ്ക്കു പിന്നാലെ ടീം അംഗങ്ങളോട് രോഷാകുലനായി സര്‍ഫാസ് അഹമ്മദ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th June 2019, 10:40 am

 

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യയോട് തോറ്റതിനു പിന്നാലെ ഏറ്റവുമധികം പഴികേള്‍ക്കേണ്ടി വന്ന താരങ്ങളിലൊരാളാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫാസ് അഹമ്മദ്. ആരാധകരോഷം കനത്തതോടെ ടീം അംഗങ്ങള്‍ക്ക് സര്‍ഫാസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്നാണ് പാക്കിസ്ഥാനി മാധ്യമം ദ ന്യൂസ് ഡോട്ട് കോം ഡോട്ട് പികെ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഒന്നുകില്‍ യഥാര്‍ത്ഥ കളി പുറത്തിറക്കുക ഇല്ലെങ്കില്‍ ഇത്തരം പ്രകടനങ്ങള്‍ കാഴ്ചവെച്ച് ജനങ്ങളുടെ രോഷം ഏറ്റുവാങ്ങാന്‍ തയ്യാറാവുകയെന്നാണ് ടീമംഗങ്ങളോട് സര്‍ഫാസ് പറഞ്ഞത്.

തോല്‍ക്കേണ്ടി വന്നാല്‍ തിരിച്ച് നാട്ടിലേക്ക് പോകേണ്ടി വരുന്നത് താന്‍ ഒറ്റയ്ക്കല്ലെന്നും ടീം അംഗങ്ങള്‍ക്ക് സര്‍ഫാസ് മുന്നറിയിപ്പു നല്‍കി. കാര്യങ്ങള്‍ വലിയ തോതില്‍ മാറിയില്ലെങ്കില്‍ ആരാധകരോഷം എല്ലാവര്‍ക്കും നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും നന്നായി കളിച്ചില്ലെങ്കില്‍ തലയുയര്‍ത്തി നടക്കാന്‍ പറ്റില്ലെന്നും ടീം അംഗങ്ങളോട് സര്‍ഫാസ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ഫാസിന്റെ ഈ വാക്കുകള്‍ക്കു മുമ്പില്‍ പാക് താരങ്ങളായ ഷൊയ്ബ് മാലിക്കും മുഹമ്മദ് ഹഫീസും മിണ്ടാതെയിരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകകപ്പ് 2019 ന്റെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പാക്കിസ്ഥാനുള്ളത്. അഞ്ച് മത്സരങ്ങളില്‍ ഒരു മത്സരത്തില്‍ മാത്രമാണ് പാക്കിസ്ഥാന്‍ ജയിച്ചത്. ജൂണ്‍ 23ന് ലോഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.

ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചതിന്റെ പേരിലായിരുന്നു സര്‍ഫാസിന് ഏറ്റവുമധികം പഴി കേള്‍ക്കേണ്ടി വന്നത്.