ഫിഫ ലോകകപ്പ് പുരസ്കാരം കൂടി നേടാൻ സാധിച്ചതോടെ ലോക ഫുട്ബോൾ ഭൂപടത്തിൽ തന്റെ സ്ഥാനം വീണ്ടും വിപുലപ്പെടുത്തിയിരിക്കുകയാണ് ലയണൽ മെസി.
താരത്തിന്റെ നേതൃത്വത്തിൽ ഖത്തറിന്റെ മണ്ണിൽ നിന്നും ലോക കിരീടം സ്വന്തമാക്കിയതോടെ അർജന്റൈൻ ജനതയുടെ നീണ്ട 36 വർഷത്തെ കാത്തിരിപ്പാണ് മെസിയും കൂട്ടരും അവസാനിപ്പിച്ചത്.
എന്നാലിപ്പോൾ മെസിയുടെ ഭാര്യയുടെ കുടുംബം നടത്തുന്ന പലചരക്ക് കടയിലേക്ക് ഒരു സംഘം നടത്തിയ വെടി വെപ്പിനെക്കുറിച്ചുള്ള വാർത്തകളാണ് ഫുട്ബോൾ ലോകത്ത് ഇപ്പോൾ ചർച്ചാ വിഷയം.
ലോകകപ്പ് നേടിയതിന് ശേഷമായിരുന്നു മെസിയുടെ ഭാര്യ കുടുംബം നടത്തുന്ന കടക്ക് നേരെ ഒരു കൂട്ടം ആളുകൾ ഒരു ഡസനോളം തവണ വെടിവെപ്പ് നടത്തിയത്.
ഇതിനെത്തുടർന്ന് അർജന്റൈൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
“ഞാൻ ഉണർന്നത് തന്നെ ഈ അസ്വസ്ഥതപ്പെടുത്തുന്ന വാർത്ത കേട്ടുകൊണ്ടാണ്. പെട്ടെന്ന് തന്നെ ഞാൻ മേയർ പാബ്ലോ ജാവ്ക്കിനെ ബന്ധപ്പെട്ടു. ഞാൻ നേരിട്ട് തന്നെ പൊലീസ് ചീഫിനോടും ഉദ്യോഗസ്ഥരോടും ബന്ധപ്പെട്ടിട്ടുണ്ട്. നമ്മൾ ഇതിനെതിരെ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ ആൽബെർട്ടോ ഫെർണാണ്ടസ് പറഞ്ഞു.
ഞങ്ങൾ ഇതിനെക്കുറിച്ച് പറ്റാവുന്നിടത്തോളം വിശദമായി അന്വേഷിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അതിക്രമവും കൂട്ടം ചേർന്നുള്ള കുറ്റ കൃത്യവും വളരെ ഗൗരവകരമായ കുറ്റകൃത്യമാണ്. അതിനെതിരെയുള്ള ഞങ്ങളുടെ സമീപനവും ഗൗരവകരമായിരിക്കും,’ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.
അതേസമയം മെസി പി.എസ്.ജി വിടണമെന്നും അർജന്റൈൻ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയിസിൽ ചേരണമെന്നും ആവശ്യപ്പെട്ട് നിരവധി അർജന്റൈൻ ആരാധകർ രംഗത്തെത്തുന്നുണ്ട്.
ഈ സീസണിൽ ഇതുവരെ മൊത്തം 17 ഗോളുകളും 16 അസിസ്റ്റുകളും സ്വന്തമാക്കിയ മെസിയുടെ മികവിൽ 25 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളുമായി 60 പോയിന്റോടെ ഒന്നാമതാന്ന് പി.എസ്.ജി.