കൊച്ചി: ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വി.ഡി. സതീശൻ മന്ത്രിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സതീശന് മന്ത്രിയാകാൻ കഴിയാഞ്ഞതിൽ തനിക്ക് വിഷമമുണ്ടെന്നും ചെന്നിത്തല റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സതീശനെ മന്ത്രിയാക്കാത്തത് സി.എൻ. ബാലകൃഷ്ണന് അവസരം നൽകാൻ വേണ്ടി മാത്രമല്ലെന്നും അതിന് പിന്നിൽ വേറെയും കാരണങ്ങൾ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം തന്നെ ആരും മന്ത്രിയാക്കാതിരുന്നിട്ടില്ലെന്നും മന്ത്രിയാകേണ്ട എന്നത് തന്റെ മാത്രം തീരുമാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 19 വർഷം മുമ്പ് തന്ന പ്രവർത്തക സമിതിയിലെ പദവി തന്നെ ഇപ്പോൾ വീണ്ടും ലഭിച്ചതിൽ തനിക്ക് അതൃപ്തിയുണ്ടെന്നും ശശി തരൂർ ഉൾപ്പെടെ മറ്റു നേതാക്കൾ പ്രവർത്തക സമിതിയിൽ വരുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവാകാൻ തനിക്കായിരുന്നു കോൺഗ്രസ് നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നതെന്നും ഇത് സംബന്ധിച്ച് ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറഞ്ഞ കാര്യം സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ‘കാലം സാക്ഷി’ എന്ന ആത്മകഥ പുറത്തുവന്നതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ ധാരാളം ചർച്ചകൾ നടന്നിരുന്നു. ‘പാഴായ ഭൂരിപക്ഷ പിന്തുണ’ എന്ന അധ്യായത്തിൽ, എം.എൽ.എമാരുടെ പിന്തുണ ഉണ്ടായിട്ടും ചെന്നിത്തലക്ക് പ്രതിപക്ഷ നേതാവിന്റെ പദവി നഷ്ടപ്പെട്ടതിനെ സംബന്ധിച്ച് പരാമർശം ഉണ്ടായിരുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്ത് തന്റെ മനസിൽ ഉണ്ടായിരുന്നത് രമേശ് ചെന്നിത്തലയായിരുന്നുവെന്നും മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ ഭൂരിപക്ഷം എം.എൽ.എമാരും രമേശിനെ പിന്തുണച്ചുവെന്നും ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറഞ്ഞു. എന്നാൽ ഹൈക്കമാൻഡ് തീരുമാനം അനുസരിച്ചാണ് വി.ഡി. സതീശന് നറുക്ക് വീണതെന്നും ആത്മകഥയിൽ പറഞ്ഞിരുന്നു.
ആത്മകഥയിലെ വെളിപ്പെടുത്തൽ സംബന്ധിച്ചുവന്ന വാർത്ത നേരത്തെ രമേശ് ചെന്നിത്തല സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
CONTENT HIGHLIGHT: I wished for VD Satheesan to become minister says Ramesh Chennithala