ന്യൂദല്‍ഹി: പുരുഷന്‍മാര്‍ക്ക് ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍ സ്ത്രീകളുടെ വേദന മനസിലാകുമായിരുന്നെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.വി. നാഗരത്‌ന. സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന ശാാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ മനസിലാകണമെങ്കില്‍ പുരുഷന്മാരും അതിലൂടെ കടന്ന് പോകണമെന്നും ജസ്റ്റിസ് പറഞ്ഞു.
മധ്യപ്രദേശിലെ വനിതാ ജഡ്ജിമരെ പുറത്താക്കിയ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ കേസിന്റെ വാദം കേള്‍ക്കവെയാണ് ജസ്റ്റിസിന്റെ നിരീക്ഷണം. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
‘ഡിസ്മിസ്ഡ്, ഡിസ്മിസ്ഡ്’ എന്ന് പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിടുന്നത് വളരെ എളുപ്പമാണ്. നമ്മള്‍ ആ കാര്യം കുറെ കാലമായി കേള്‍ക്കുന്നു. എങ്ങനെയാണ് ഇപ്രകാരം പറയാന്‍ സാധിക്കുക. പ്രത്യേകിച്ച് സ്ത്രീകളോട്? അവര്‍ ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
അതിനാലാണ് അവര്‍ പതുക്കെ ജോലി ചെയ്യുന്നത്. ആ കാരണത്താല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ സാധിക്കില്ല. ആര്‍ത്തവം പോലുള്ള സാഹചര്യം പുരുഷ അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും വന്നാല്‍ എന്താ സംഭവിക്കുകയെന്ന് നമ്മള്‍ക്ക് അപ്പോള്‍ കാണാം,’ ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
2023 ജൂണിലാണ് മധ്യപ്രദേശിലെ വനിതാ സിവില്‍ ജഡ്ജിമാരെ ജോലിയില്‍ മോശം പ്രകടനം കാഴ്ച്ചവെച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടത്. മധ്യപ്രദേശിലെ ഹൈക്കോടതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ഈ ജഡ്ജിമാരുടെ പരിശീലന കാലയളവിലുള്ള പ്രകടനം മോശമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
മുതിര്‍ന്ന അഭിഭാഷകനായ ഗൗരവ് അഗര്‍വാളാണ് കേസിലെ അമിക്കസ് ക്യൂറി. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജെയ്സിംഗ്, ആര്‍. ബസന്ത് എന്നിവര്‍ ജഡ്ജിമാര്‍ക്ക് വേണ്ടി ഹാജരായി. അഭിഭാഷകനായ അര്‍ജുന്‍ ഗാര്‍ഗാണ് മധ്യപ്രദേശ് ഹൈക്കോടതിക്ക് വേണ്ടി ഹാജരായത്.
കേസ് ഇനി ഡിസംബര്‍ 12ന് വീണ്ടും പരിഗണിക്കും.
Content Highlight: ‘I wish If Men Had Menstruation, then They’ll Know’ says Supreme Court on firing women judges on Madhya Pradesh HC