| Wednesday, 29th July 2020, 8:32 am

'ജീവനുള്ള നാള്‍ വരെ, നീതിയില്‍ വിശ്വസിക്കുന്നവരോട് ഞാനാ ചരിത്രം പറഞ്ഞു കൊണ്ടേയിരിക്കും'; അയോധ്യാ വിധിയില്‍ അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയിലെ ബാബ്‌റി മസ്ജിദ്-രാം ജന്മ ഭൂമി തര്‍ക്ക ഭൂമിക്കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നെങ്കിലും താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇത് അവസാനിക്കില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും ലോക് സഭാ എം.പിയുമായ അസദുദ്ദീന്‍ ഉവൈസി.

താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം വരും തലമുറയ്ക്ക് അയോധ്യ കേസിന്റെ ചരിത്രം പറഞ്ഞു കൊടുക്കുമെന്നും ഉവൈസി പറഞ്ഞു. ഇന്ത്യ ടുഡേയില്‍ ചൊവ്വാഴ്ച നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിയമപരമായി സുപ്രീംകോടതിയില്‍ നിന്നും തര്‍ക്ക ഭൂമിക്കേസില്‍ വിധി വന്നിട്ടുണ്ട്. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ഈ എപിസോഡ് അവസാനിക്കില്ല. ഞാന്‍ എന്റെ കുടുംബത്തോടും എന്റെ ആളുകളോടും ഈ രാജ്യത്തെ ജനങ്ങളോടും തുടങ്ങി നീതിയില്‍ വിശ്വസിക്കുന്ന ഓരോരുത്തരോടും 1992 ഡിസംബര്‍ ആറിലെ ചരിത്രം പറഞ്ഞു കൊണ്ടേയിരിക്കും. അവിടെയൊരു മസ്ജിദ് ഉണ്ടായിരുന്നെന്നും, അത് തകര്‍ക്കപ്പെട്ടെന്നും പള്ളി തകര്‍ക്കപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ഒരിക്കലും ഈ പ്രവൃത്തി (രാമക്ഷേത്രത്തിന്റെ ഭൂമി പൂജ) നടത്തേണ്ട സ്ഥിതി വരില്ലായിരുന്നു,’ ഉവൈസി പറഞ്ഞു.

ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല. കാരണമെന്താണ്? കാരണം പ്രധാനമന്ത്രിക്കോ സര്‍ക്കാരിനോ ഒരു മതവുമില്ല. ഇന്ത്യന്‍ സര്‍ക്കാരിന് ഏതെങ്കിലും മതമുണ്ടോ? ഇല്ല. ഈ രാജ്യത്തിന് മതമുണ്ടോ? ഇല്ല,’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഭൂമി പൂജന്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഉവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം വ്യക്തിപരമായി അദ്ദേഹം ആ ചടങ്ങിനെ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുകയല്ല താന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more