ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ശക്തനായ പോരാളി ആരെന്ന ചോദ്യത്തിനു കളിയെ നിരീക്ഷിക്കുന്നവര്‍ നല്‍കുന്ന ഉത്തരം യുവരാജ് സിങ്ങ് എന്നാകും. അത് കേവലം പ്രഥമ ടി- ട്വന്റി ക്രിക്കറ്റിലെ ആറു സിക്‌സറുകളുടെ പേരിലല്ല. മറിച്ച് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിന്റെ അടിസ്ഥാനത്തിലാകും.
2011 ലെ ലോകകപ്പ് ജയത്തിനു പിന്നാലെ അര്‍ബുദ രോഗം ബാധിച്ച് കളത്തിനു പുറത്തായ താരം രോഗത്തെയും ശരീരത്തെയും തോല്‍പ്പിച്ചായിരുന്നു വീണ്ടും കളത്തിലേക്ക് മടങ്ങിയെത്തിയത്. രണ്ടാം വരവിലും ദേശീയ ടീമില്‍ ഇടം ലഭിച്ചെങ്കിലും പഴയതുപോലെ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ യുവിക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണ്‍ വരെ ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്ന യുവി ഇത്തവണ പഞ്ചാബിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
കിങ്‌സ് ഇലവന്‍ ടീമിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ 2019 ഓടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന സൂചനകളാണ് താരം നല്‍കിയിരിക്കുന്നത്. 2017 ലായിരുന്നു യുവി അവസാനമായി ദേശീയ ടീമിനായി കളത്തിലിറങ്ങിയത്.
“2019 വരെയുള്ള മത്സരങ്ങളിലേക്കാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. എനിക്ക് കളിക്കാന്‍ കഴിയുന്നത് വരെ. ആ വര്‍ഷം അവസാനത്തോടെ ഞാന്‍ ഒരു പ്രഖ്യാപനം നടത്തും” 36 കാരനായ താരം പറഞ്ഞു.
“2000 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. ഇപ്പോള്‍ 17, 18 വര്‍ഷമായി കളിക്കാന്‍ തുടങ്ങിയിട്ട്. അതുകൊണ്ട് തന്നെ 2019 അവസാനത്തോടെ ഞാനൊരു പ്രഖ്യാപനം നടത്തും.” യുവി കൂട്ടിച്ചേര്‍ത്തു. സീസണില്‍ സെമിഫൈനലല്‍ എത്തുക എന്ന ലക്ഷ്യമാത്രമാണ് പഞ്ചാബ് ടീമിനുള്ളതെന്നും യുവരാജ് പറഞ്ഞു.