ന്യൂദല്‍ഹി: അസ്സലാമു അലൈക്കും എന്ന് പറയുന്നത് നിയമവിരുദ്ധമാണെങ്കില്‍ നിര്‍ത്താമെന്ന് ദല്‍ഹി കോടതിയോട് ആക്ടിവിസ്റ്റ് ഖാലിദ് സൈഫി. 2020 ഫെബ്രുവരിയിലെ ദല്‍ഹി കലാപം സംബന്ധിച്ച കേസില്‍ വാദം നടക്കവെയായിരുന്നു ഖാലിദ് സൈഫിയുടെ പ്രതികരണം.
ജാമിഅ മിലിയയിലും അലിഗഡിലും ഷര്‍ജില്‍ ഇമാം നടത്തിയ പ്രസംഗം പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നെന്ന് ദല്‍ഹി കോടതിയില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു.
ഷര്‍ജില്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്ന് തുടങ്ങുന്നത് ‘അസ്സലാമു അലൈക്കും’ എന്നുപറഞ്ഞുകൊണ്ടാണെന്നും ഇത് പ്രത്യേക സമുദായത്തെ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്.
ഇത് ചൂണ്ടിക്കാട്ടിയാണ് ഖാലിദ് സൈഫിയുടെ പരാമര്‍ശം. എന്നാല്‍ അസ്സലാമു അലൈക്കും പറയുന്നത് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അത് പ്രോസിക്യൂഷന്റെ സബ്മിഷനായിരുന്നുവെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാബ് റാവത്ത് പറഞ്ഞു.
അതേസമയം ദല്‍ഹി പൊലീസ് സമര്‍പ്പിച്ച വലിയ ചാര്‍ജ് ഷീറ്റിനെതിരെ നാഷണല്‍ ഗ്രീന്‍ ട്രൈബൂണലില്‍ പോകുമെന്നും രണ്ടു മില്ല്യണ്‍ പേപ്പറാണ് അവര്‍ നശിപ്പിച്ചതെന്നും സൈഫി പരിഹസിച്ചു.
ദല്‍ഹി കലാപത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി ഖാലിദ് സൈഫിനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.