കോഴിക്കോട്: താന്‍ മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടിയുടെ ഭാഗമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കേസിന് പിന്നില്‍ പൊലീസിന്റെയും ഇടതുപക്ഷത്തിന്റെയും ഗൂഢാലോചനയുണ്ടെന്നും കള്ളക്കേസുകള്‍ ചുമത്തി തകര്‍ക്കാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
താന്‍ കള്ളക്കേസില്‍ വേട്ടയാടുന്നതിന് ഇരയായെന്നും സംസ്ഥാന അധ്യക്ഷനായ ശേഷം ഇതുപോലെ രണ്ട് കള്ളക്കേസുകള്‍ തനിക്കെതിരേ ചുമത്തിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീധരന്‍ പിള്ള നടത്തിയ വര്‍ഗീയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. ബാലാക്കോട്ട് വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം.
സി.പി.ഐ.എം നേതാവ് വി. ശിവന്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിവന്‍കുട്ടിയുടെ മൊഴി ആറ്റിങ്ങല്‍ പൊലീസ് രേഖപ്പെടുത്തി.
‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളു.’- എന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.
ആരാണ് കള്ളം പറയുന്നത്? നരേന്ദ്ര മോദിയോ അതോ ബാങ്കുകളോ?; ചോദ്യവുമായി വിജയ് മല്യ
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പുല്‍വാമയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.
എന്നാല്‍ മുസ്ലീങ്ങള്‍ക്കെതിരെയല്ല, ഇസ്ലാമിക ഭീകരര്‍ക്കെതിരെയാണ് താന്‍ പരാമര്‍ശം നടത്തിയതെന്നായിരുന്നു വിവാദത്തോട് പ്രതികരിച്ചുകൊണ്ട് ശ്രീധരന്‍പിള്ള പറഞ്ഞത്.